കാസർകോട്: പൊയിനാച്ചിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം. പൊയിനാച്ചി പടിഞ്ഞാറടുക്കത്തെ എം.വിനോദ് കുമാറിന്റെ വീട്ടിലാണ് കവർച്ചാ ശ്രമമുണ്ടായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട് പൂട്ടി വിനോദ്കുമാറും നായൻമാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ അമ്പിളിയും പുറത്തുപോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ പൂട്ടും മറ്റൊരു പൂട്ടും തകർത്ത നിലയിൽ കാണപ്പെട്ടു. കിടപ്പുമുറിയിലെ അലമാര തകർത്ത് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. എന്നാൽ ഒന്നും മോഷണം പോയിട്ടില്ല. മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.