കാസർകോട്: ഹോട്ടലിലെ പാചക വാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ പൊയിനാച്ചി ടൗണിൽ ബന്തടുക്ക റോഡരികിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടൽ ജീവനക്കാരൻ സിലിണ്ടറിനെ സ്റ്റൗവുമായി ബന്ധിപ്പിക്കുന്ന കുഴൽ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ പാചകവാതകം ചോർന്ന് തീപിടിക്കുകയായിരുന്നു. നനഞ്ഞ ചാക്ക് സിലിണ്ടറിന് മുകളിലിട്ടെങ്കിലും തീയണക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് ഓടിയെത്തിയവർ വെള്ളം ചീറ്റി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തി. സിലിണ്ടർ ചൂടാകാതെ നോക്കാൻ ഇത് സഹായിച്ചു. കാസർകോട്ട് നിന്നെത്തിയ അഗ്നിശമനസേന സിലിണ്ടറിന്റെ റഗുലേറ്റർ വേർപെടുത്തി തീയണക്കുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. വിൽപ്പനക്ക് തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം തീയണയ്ക്കുന്നതിനിടെ വെള്ളത്തിൽ കുതിർന്ന് നശിച്ചു.