പിലിക്കോട്: കാലവർഷാരംഭത്തിൽ നടക്കാറുള്ള പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള സങ്കരയിനം തെങ്ങിൻ തൈകളുടെ വിതരണം ഇത്തവണ മൂന്നു മുതൽ ആരംഭിക്കും. 7500 ഓളം തൈകൾ വില്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ പേര് റജിസ്റ്റർ ചെയ്ത കർഷകർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. 5500 കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൈ ഒന്നിന് 325 രൂപ രൂപ നിരക്കിൽ ഒരാൾക്ക് 10 തൈകൾ വീതമാണ് നൽകുക. അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകളാണ് വിതരണത്തിന് തയ്യാറാക്കി വെച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ കാലവർഷത്തിന്റെ ആരംഭം കുറിക്കാറുള്ള ജൂൺ ഒന്നാം തീയതി രാവിലെ മുതലായിരുന്നു തൈ വിതരണം നടന്നിരുന്നത്. ഇതിനായി അന്യ ജില്ലകളിൽ നിന്നുള്ള കർഷകരടക്കം തലേ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി ഗേറ്റിന് മുന്നിൽ ക്യൂനിൽക്കുന്ന പതിവുണ്ടായിരുന്നു. മണിക്കൂറുകളോളം ക്യൂനിൽക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനമൊരുക്കിയത്.

കർഷകർക്ക് അനുഗ്രഹം

1916-ലാണ് തെങ്ങു ഗവേഷണത്തിനായി കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. തുടർന്ന് ലോകത്തിലാദ്യമായി ടി x ഡി സങ്കരയിനം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ച് രംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിച്ചത് തെങ്ങ് കർഷകർക്ക് ഏറെ പ്രയോജനകരമായിരുന്നു.


പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ തെങ്ങിൻ തൈകൾക്കായി 5500 കർഷകർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഓരോരാൾക്കും കേര ഗംഗ, ലക്ഷ ഗംഗ, അനന്ത ഗംഗ, കേര ശ്രീ എന്നീ അത്യുൽപാദന ശേഷിയുള്ള തൈകളാണ് വിതരണം ചെയ്യുക. അതാത് സ്ഥലത്തെ കൃഷിഭവൻ മുഖേനയും തൈകൾ ലഭിക്കും.

ഡോ.ടി.വനജ ,

ഡയറക്ടർ