bypass
ഈസ്റ്റ് പള്ളൂരിലെ ബൈപാസ് ജംഗ്ഷൻ

മാഹി: ദേശീയപാത 66 ബൈപ്പാസിലെ ഏക സിഗ്നൽ ജംഗ്ഷനായ ഈസ്റ്റ് പള്ളൂരിൽ ക്രോസിംഗ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചത്, എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമായി. നൂറ്റാണ്ടിന് മുമ്പുള്ള റോഡാണ് ചൊക്ളി- പെരിങ്ങാടി റോഡ്. നൂറ് കണക്കിന് വാഹനങ്ങളാണ് പള്ളൂരിൽ നിന്നും മാഹിയിലേക്ക് ഇതുവഴി കടന്നുപോകുന്നത്.

പുതിയ ബൈപാസിൽ മൂന്ന് മാസത്തിനകം ഒരു മരണമടക്കം 72 ചെറുതും വലുതുമായ അപകടങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ദേശീയപാതാ അധികൃതരുടെ സാന്നിദ്ധ്യമില്ലാതെ പരിശോധന നടത്തി ജൂൺ ഒന്നാം തീയതി മുതൽ ക്രോസിംഗ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചത്.
ഇതേത്തുടർന്ന് വാഹനങ്ങൾക്ക് ഇരുഭാഗത്തുമുള്ള അഞ്ച് മീറ്റർ മാത്രം വീതിയുള്ള സർവീസ് റോഡിലൂടെ വേണം ഇരു ഭാഗത്തേക്കും കടന്നുപോകാൻ. മാഹി പ്രദേശത്തെ മൂന്നിടത്ത് സർവീസ് റോഡ് ടാർ ചെയ്യാൻ ബാക്കിയുണ്ട്. അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട റോഡ് ചിലയിടത്ത് കുപ്പിക്കഴുത്ത് പോലെയാണ്. താറിടാത്ത ഇടവഴി റോഡിന്റെ അവസ്ഥയിലുള്ള സർവീസ് റോഡിൽ 'എവറസ്റ്റ് ' കയറ്റവുമുണ്ട്. ചരക്ക് കയറ്റിയ വാഹനങ്ങൾ ഇവിടെ നിന്നു പോയാൽ മറ്റ് വാഹനങ്ങൾക്ക് മറികടന്ന് പോകാനുമാവില്ല. എന്നാൽ മറ്റ് ചില ഭാഗങ്ങളിൽ സർക്കാർ റോഡിന് വേണ്ടി അക്വയർ ചെയ്ത സ്ഥലം മൂന്നും നാലും മീറ്ററോളം ഉപയോഗിക്കാതെ കിടപ്പുമുണ്ട്.

ജംഗ്ഷൻ മാഹിയുടെ ഐക്കൺ

ഈ ജംഗ്ഷൻ മാഹിയുടെ പ്രവേശനകവാടവും ഐഡന്റിറ്റിയുമാണ്. മാഹിയിൽ നിന്ന് പള്ളൂരിലേക്ക് ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് ഏറെ കടമ്പകളുണ്ടിപ്പോൾ. ചാലക്കര റോഡിൽ കുന്നിൻ മുകളിലുള്ള ഓവർ ബ്രിഡ്ജ് കയറിയുള്ള യാത്ര കഠിനമാണ്. സർവീസ് റോഡിലൂടെ ഭാരവാഹങ്ങൾക്ക് വളഞ്ഞ് പോകാനുമാവില്ല. വീതി ക്കുറവാണ് കാരണം. മാഹിയിൽ നിന്നും പള്ളൂരിലേക്കുള്ള ദശകങ്ങളായുള്ള നിർദ്ദിഷ്ട അറവിലകത്ത് പാലം അണ്ടർ ബ്രിഡ്ജ് നിർമ്മാണം കടലാസിൽ തന്നെ കിടക്കുകയുമാണ്. ബൈപാസ് വന്നതോടെ മാഹിയുടെ മറ്റൊരു ഭാഗമായ പള്ളൂർ -പാറാൽ റോഡിൽ ഗതാഗത ക്കുരുക്ക് ഒഴിയാത്ത അവസ്ഥയിലുമായി.

അടിയന്തരമായി ചെയ്യേണ്ടത്

കൃത്യമായ സൂചനാ ഫലകങ്ങൾ സ്ഥാപിക്കണം
ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം
സദാ പൊലീസ് സാന്നിദ്ധ്യം അനിവാര്യം
അശാസ്ത്രീയമായ സിഗ്നൽ പരിഷ്‌ക്കരിക്കണം
ഹൈവേയിൽ പാലിക്കേണ്ട ട്രാഫിക്ക് നിയമങ്ങളുടെ ബോധവൽക്കരണം


ശാശ്വത പരിഹാരത്തിന് ജംഗ്ഷനിൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കണം. ഇത് ഹൈവേയിലെ റോഡ് തടസ്സം ഒഴിവാക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യും. ഓവർ ബ്രിഡ്ജിന് അനുമതി ലഭിക്കില്ലെന്ന വാദം ശരിയല്ല. ഇതേ ഹൈവേയിൽ പള്ളൂർ, കോയ്യോട്ട് തെരു ഉൾപ്പടെ ഓവ‌ർ ബ്രിഡ്ജുകൾ ധാരാളമുണ്ട്.

ഇ.കെ. റഫീഖ്, ജനറൽ സെക്രട്ടറി
ജനശബ്ദം മാഹി