surabhi

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തിനിടെ പിടിയിലായ ക്യാബിൻ ക്രൂ സുരഭി ഖാത്തൂൺ നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം. സംഭവത്തിന് പിന്നിൽ വമ്പൻ റാക്കറ്റ് ഉള്ളതായാണ് നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ സ്ഥിരീകരിച്ചിരിക്കുന്നത്.ഇരുപത് കിലോയോളം സ്വർണം ഇവർ പലതവണയായി കടത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കഴിഞ്ഞ മാർച്ചിൽ സുരഭി നടത്തിയ സ്വർണകടത്ത് സംബന്ധിച്ചും ഡി.ആർ.ഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

സുരഭിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ സുരഭിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ വനിത ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 960 ഗ്രാം സ്വർണവുമായി എയർ ഹോസ്റ്റസ് ആയ കൊൽകൊത്ത സ്വദേശിനി സുരഭി ഖാത്തൂൺ റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്. മസ്‌ക്കറ്റിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് കത 714 വിമാനത്തിലെ കാബിൻ ക്രൂ അംഗമാണ് 26കാരിയായ സുരഭി. നേരത്തേയും സ്വർണക്കടത്തിന് എയർഹോസ്റ്റസുമാർ പിടിയിലായിട്ടുണ്ടെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.മറ്റ് വിമാന ജീവനക്കാർക്കും സ്വർണക്കടത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

കണ്ടെടുത്തത് നാല് കാപ്സ്യൂളുകൾ

നാല് കാപ്സ്യൂളുകളാണ് സുരഭി ഖാത്തൂൺ ശരീരത്തിൽ ഒളിപ്പിച്ചത്.കൃത്യമായ പരിശീലനം ലഭിക്കാതെ ഒരുകിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ സാധിക്കില്ലെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഗർഭനിരോധന ഉറയ്ക്കുള്ളിൽ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്.