കോഴിക്കോട്: ഡോ കെ.വി. പ്രീതിക്കെതിരെ നൽകിയ പരാതിയിലെ എ.സി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഉത്തരമേഖല ഐ.ജി കെ.സേതുരാമൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. 12 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ഐ.സി.യു പീഡനകേസിലെ അതിജീവിതയ്ക്ക് അനുകൂലമായ നിർദ്ദേശമുണ്ടായത്. റിപ്പോർട്ടിന്റെ പകർപ്പ് ഇന്നു ലഭിക്കുമെന്നാണ് കരുതുന്നത്. തങ്ങൾ നൽകിയ പരാതിയുടെ നിജസ്ഥിതി അറിയാൻ അവകാശമുണ്ടെന്ന് ഓരോ പൗരൻമാർക്കും തിരിച്ചറിയാൻ സമരത്തിലൂടെ സാധിച്ചെന്നും ഇത്തരം പ്രതിസന്ധി നേരിടുന്നവർക്ക് സമരം മാതൃകയാണെന്നും സമരസമിതി ഭാരവാഹിയായ നൗഷാദ് തെക്കയിൽ പറഞ്ഞു. ഐ.ജി തങ്ങളോട് സംസാരിച്ചതായും റിപ്പോർട്ടിന്റെ പകർപ്പ് ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പ് കൈയിൽ ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് അതിജീവിത വ്യക്തമാക്കി.