കോഴിക്കോട്: ഡോ കെ.വി പ്രീതിക്കെതിരെ നൽകിയ പരാതിയിലെ എ.സി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചതോടെ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതി സമരം അവസാനിപ്പിച്ചു. റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസമാണ് ഉത്തരമേഖല ഐ.ജി കെ.സേതുരാമൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയത്. തുടർന്ന് ഐ ജി യുടെ നിർദേശ പ്രകാരം 12 ദിവസമായി കമ്മിഷണർ ഓഫീസിന് മുമ്പിൽ നടത്തിവന്ന സമരം അതിജീവിത ഇന്നലെ ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. സമരം ഉച്ചക്ക് അവസാനിപ്പിച്ചെങ്കിലും വൈകിട്ട് 5 മണിയോടെയാണ് അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് ലഭിച്ചത്.
2023 മാർച്ച് 18നാണ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പീഡനത്തിനിരയായത്. സംഭവത്തിൽ ഡോ.കെ.വി.പ്രീത രേഖപ്പെടുത്തിയ മൊഴിയിൽ താൻ പറഞ്ഞ പല കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളേജ് എ.സി.പി കെ.സുദർശൻ കമ്മിഷണർക്ക് നൽകിയ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് അതിജീവിത സമരത്തിലേക്ക് കടന്നത്.