 കോഴിക്കോട്- ബംഗളൂരു 1171 രൂപ

കോഴിക്കോട് : സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് ഇന്ന് മുതൽ കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും. കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന സർവീസായ ഗരുഡ പ്രീമിയം ആയാണ് ഓടുക. പുലർച്ചെ നാലിന് കോഴിക്കോട്ടു നിന്ന് യാത്ര ആരംഭിക്കുന്ന ബസ് 11.35ന് ബംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.5ന് കോഴിക്കോട്ടെത്തും. ആദ്യ യാത്രയ്ക്കുള്ള ടിക്കറ്റ് പൂർണമായും തീർന്നു. 26 സീറ്റുകളാണ് ബസിലുള്ളത്. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനെത്തിയവരാണ് ഏറെയും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.
താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്. യാത്രയ്ക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ചാർജർ സംവിധാനവും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്. മന്ത്രിമാർ ഇരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ടോയ്ലറ്റും ലിഫ്റ്രും നിലനിറുത്തി.