കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 12 മണിയോടെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെ ബോർഡ് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. അസി. എൻജിനിയറുടെ പരാതിയിലാണ് കേസ്.

പന്തീരാങ്കാവ് അത്താണി പ്രദേശത്ത് പലതവണ വൈദ്യുതി നിലച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. കൊടുംചൂടിൽ സഹികെട്ട് കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറാവാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചതെന്നാണ് വിവരം. ഇരുപതോളം പേരെത്തുമ്പോൾ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും പേരെ കണ്ടതോടെ ജീവനക്കാരൻ ഓഫീസിന്റെ ഗ്രില്ലുകൾ അടച്ചു. ഇതിനിടെ ബോർഡ് എറിഞ്ഞു തകർക്കുകയായിരുന്നു.