താമരശ്ശേരി: അന്യസംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം ബന്ദിയാക്കി. താമരശ്ശേരി പി.സി മുക്കിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി നജ്മൽ ആലമിനെയാണ്(18) നിലമ്പൂർ തണ്ടുപാറക്കൽ ബിനു തോക്കുചൂണ്ടി ബന്ദിയാക്കിയത്. ഇയാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. താമരശ്ശേരി പി.സി മുക്കിൽ പ്ലാറ്റിൽ താമസിക്കുന്ന ആലമിനെ ജോലിക്കാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഏറെനേരം കറങ്ങിയശേഷം താമരശ്ശേരി പള്ളിപ്പുറം ഭാഗത്തുള്ള ഫ്ളാറ്റിൽ എത്തിച്ചു. ഫ്ളാറ്റിൽ കടന്നതോടെ തോക്കുചൂണ്ടി കൈ പിന്നിലേക്ക് കെട്ടി ജനലിൽ ബന്ധിച്ചു. മുഖം ഉൾപ്പെടെ മൂടിക്കെട്ടി. സുഹൃത്തുക്കൾക്ക് വീഡിയോയിലൂടെ കെട്ടിയിട്ട രംഗം കാണിച്ചു കൊടുക്കുകയും ചെയ്തു. അക്രമിയുടെ ശ്രദ്ധ മാറിയപ്പോൾ ആലം കാലുകൊണ്ട് ഏറെനേരം ശ്രമിച്ച് ലൊക്കേഷൻ സുഹൃത്തുകൾക്ക് അയച്ചു കൊടുത്തു. രാത്രി പത്തുമണിയോടെ പൊലീസും നാട്ടുകാരും ഫ്ളാറ്റ് വളഞ്ഞ് അവശനിലയിലായ ആലമിനെ മോചിപ്പിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാവിനെ എന്തിനാണ് ബന്ദിയാക്കിയതെന്ന് വ്യക്തമല്ല. താമരശ്ശേരി ഇൻസ്‌പെക്ടർ ഒ. പ്രദീപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.