t-siddique

കോഴിക്കോട്: കെ.പി.സി.സി യോഗത്തിൽ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന വാർത്തകൾ കെട്ടിച്ചമച്ചതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ ടി.സിദ്ദീഖ്. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പാർട്ടിക്കുള്ളിൽ കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് വാർത്താസമ്മേളനത്തിൽ സിദ്ദീഖ് ആരോപിച്ചു.

ചേവായൂർ ബാങ്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാർട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലർ പാർട്ടിയിൽ നിന്ന് രാജിവച്ചത്. അതേസമയം, നിർണായകഘട്ടത്തിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന ചിലരുടെ പരസ്യനിലപാടും രാജിയും പ്രതിസന്ധി സൃഷ്ടിച്ചതായി എം.കെ.രാഘവൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ഇത്തരക്കാർക്കെതിരെ കെ.പി.സി.സി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സിയോഗത്തിൽ ഇതേ വിഷയം രാഘവൻ ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ആറു ദിവസം ബാക്കി നിൽക്കേ, കെ.പി.സി.സി അംഗം കെ.വി.സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ 53 പേർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി രാഘവൻ യോഗത്തിൽ പറഞ്ഞു. ചേവായൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെങ്കിലും ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവിന്റെ പിന്തുണയുള്ള സംഘമാണിതെന്ന വിമർശനം ഉയർന്നിരുന്നു. ഈ സംഘത്തിന്റെ തായ് വേര് അറുക്കണം എന്നുകൂടി രാഘവൻ പറഞ്ഞു. അതോടെയാണ് സിദ്ദിഖിനെക്കുറിച്ചാണെന്ന വ്യാഖ്യാനം ഉണ്ടായത്.