കോഴിക്കോട് : പുതിയ അദ്ധ്യയന വർഷത്തിന് ദിവസങ്ങൾ ഏറെയുണ്ടെങ്കിലും പുത്തനുടുപ്പും, ബാഗും, കുടയും വാങ്ങാനുള്ള ഒരുക്കത്തിലാണ് കുട്ടികളും രക്ഷിതാക്കളും. ഇതോടെ മേയ് ആദ്യവാരത്തിൽ തന്നെ വിപണിയും സജീവമായി. കുട്ടികളെ ആകർഷിക്കാനായി ഡോറയും ബെൻടെനും തുടങ്ങി നിരവധി കാർട്ടൂൺ കഥാപാത്രങ്ങളുടെ ബാഗും, കുടകളുമാണ് വിപണിയിൽ കൂടുതലും. അതേ സമയം പേന മുതൽ ബാഗ് വരെ എല്ലാ വസ്തുക്കൾക്കും കഴിഞ്ഞ വർഷത്തേക്കാൾ വില വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് കച്ചവടക്കാർ. സ്കൂൾ വിപണിയിൽ ഇപ്പോൾത്തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഓഫറുകളും കച്ചവടക്കാർ നൽകുന്നുണ്ട്. പുതിയ വെറെെറ്റികളിൽ ബോക്സും, വാട്ടർ ബോട്ടിലും വ്യത്യസ്തതരം പേനയും, പെൻസിലും അടങ്ങുന്ന ഒരു നീണ്ട നിര തന്നെയുണ്ട് ഇത്തവണയും. വിവിധ തരത്തിലുള്ള ബാഗുകൾക്ക് 600 രൂപ മുതലാണ് വില. ബ്രാന്റുകൾ മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് രണ്ടായിരത്തിന് മുകളിലെത്തും. കുടകൾക്ക് 280 മുതൽ 755 വരെയാണ്. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകൾക്കും പ്രിയം ഏറെയാണ്. ചെറിയ കാലൻ കുടയ്ക്കും ഇഷ്ടക്കാരുണ്ട്.
കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ള പെൻസിൽ ബോക്സുകൾക്ക് 150 മുതലാണ് വില വരുന്നത്. ബാഗ് കഴിഞ്ഞാൽ നോട്ട്ബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. 7 ബുക്കുകളടങ്ങിയ പൊതിയ്ക്ക് 400 മുതലാണ്. 50 രൂപ മുതലുള്ള ബുക്കുകളുമുണ്ട്. വാട്ടർബോട്ടിലുകൾക്ക് വില 100 രൂപ മുതലാണ്. മുംബൈയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സാധനങ്ങൾ കൂടുതലായും കടകളിലെത്തുന്നത്. അതേ സമയം കടുത്ത വേനൽ ചൂട് ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവക്കാർ പറയുന്നത്. ചൂടായതുകൊണ്ട് സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ എണ്ണം നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. പകൽ സമയങ്ങളിൽ ആരും തന്നെ എത്തുന്നില്ലെന്നാണ് കച്ചവടക്കാർ പരാതിപ്പെടുന്നത്.
@ആശ്വാസം, കൺസ്യൂമർഫെഡ് സ്റ്റുഡൻസ് മാർക്കറ്റുകൾ
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡ് പല ഭാഗങ്ങളിലും സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ 45 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകൾ തുറന്നിരിക്കുന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ട ത്രിവേണി നോട്ട് ബുക്കുകൾ വിലക്കുറവിൽ ലഭ്യമാകുന്ന ത്രിവേണി നോട്ട്ബുക്ക് ഗ്യാലറി, സ്‌കൂൾ ബാഗ് രംഗത്തെ പ്രമുഖ ബ്രാൻഡുകളായ സ്‌കൂബീ ഡേ , ഒഡീസിയ, വൈൽഡ് ക്രാഫ്റ്റ്, വിക്കി , അമേരിക്കൻ ടൂറിസ്റ്റ് തുടങ്ങിയവയോടോപ്പം സാധാരണ ബ്രാന്റിലുള്ള ആകർഷകങ്ങളായ സ്‌കൂൾ ബാഗുകൾ, ഷൂകൾ വിലക്കുറവിൽ ലഭിക്കുന്ന ഷൂമാർട്ട്, അംബ്രല്ല ഹൗസ്, കിഡ്സ് ആൻഡ് മദേഴ്സ് കോർണർ, പഠനോപകരണ വിഭാഗം , മധുരം നുണയാൻ ഐസ് ക്രീം പാർലർ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള നോട്ട്ബുക്കുകൾ 9446 400 407 എന്ന വാട്സാപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ എസ്റ്റിമേറ്റ് തുകയും ഗൂഗിൾപേ വിവരവും അറിയിക്കും. ഗൂഗിൾപേ ചെയ്യുന്ന മുറയ്ക്ക് ബില്ലും ടോക്കൺ നമ്പറും സമയവും തിരികെ അറിയിക്കും. ഇതിനായി സജ്ജീകരിച്ച ഓൺലൈൻ കൗണ്ടറിൽ നിശ്ചിത സമയത്ത് എത്തി ടോക്കൺ നമ്പർ കൈമാറി ക്യൂ നിൽക്കാതെ നോട്ട്ബുക്കുകൾ കൈപ്പറ്റാം. കൂടാതെ പൊലീസ് ക്ലബിന്റേയും മറ്റും നേതൃത്വത്തിലുള്ള സ്കൂൾ വിപണിയിലും വിലക്കുറവാണുള്ളത്.