വടകര: സിപിഎമ്മിന്റേത് ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും കലഹിപ്പിച്ചും നിർത്താനുള്ള വർഗീയ ധ്രുവീകരണ രാഷ്ട്രീയമാണെന്ന് ഡോ.എം.കെ മുനീർ എം.എൽ.എ. തലശ്ശേരി കലാപം മുതൽ ടി.പി ചന്ദ്രശേഖരൻ വധം വരെയുള്ള ചരിത്രം പരിശോധിച്ചാൽ സി.പി.എം നടപ്പാക്കുന്ന വർഗീയ അജണ്ടയുടെ ഭീകരമുഖം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തെയാകെ വർഗീയവാദികളാക്കി ചാപ്പ കുത്തുന്ന സമീപനമാണ് അവർ എക്കാലവും സ്വീകരിച്ചുപോന്നിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബി.ജെ.പി കയ്യാളിവരുന്ന വർഗീയ രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടകര നിയോജക മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റി നിർമ്മിക്കുന്ന 'ഗ്രീൻ ടവർ വടകര ' ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് സമാഹരണ കാമ്പയിന്റെ ഭാഗമായി വിദേശത്തേക്ക് പോകുന്ന ഭാരവാഹികൾക്കുള്ള യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടകരയെ വർഗീയ വിഷം കൊണ്ട് നിറയ്ക്കുകയാണ് മാർക്സിസ്റ്റ് നേതാക്കൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുറപ്പിക്കാൻ മുസ്ലീം വിരുദ്ധ രാഷ്ട്രീയമാണ് മുമ്പോട്ടുവച്ചത്. കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനെതിരെ പുറത്തിറക്കിയ ഷോർട്ട്ഫിലിമിന്റെ ഉള്ളടക്കം പൂർണമായും മുസ്ലീം വിരുദ്ധമായിരുന്നുവെന്നും മുനീർ പറഞ്ഞു.
വടകര മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എ.പി മഹ്‌മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഒ.കെ കുഞ്ഞബ്ദുല്ല, ഒ.പി മൊയ്തു, നാസർ പെരിങ്ങത്തൂർ, ഒ.കെ ഇബ്രാഹിം, ഇസ്മായിൽ ഏറാമല, എൻ.പി അബ്ദുല്ല ഹാജി, പ്രവസർ കെ.കെ മഹമൂദ് ഹാഷിം കാളം കുളത്ത്, നെല്ലോളി കാസിം ഹാജി,ആയിശ ഉമ്മർ, കെ.കെ സഫീർ, കെ.പി മുഹമ്മദ് കണിയാങ്കണ്ടി, എം.കെ യൂസുഫ് ഹാജി പ്രസംഗിച്ചു. വിദേശത്തേക്ക് പോകുന്ന വടകര നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് എം.സി വടകര, ജനറൽ സെക്രട്ടറി പി.പി ജാഫർ എന്നിവർ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി കെ.പി സുബൈർ സ്വാഗതവും ട്രഷറർ എം.ടി അബ്ദുൽസലാം നന്ദിയും പറഞ്ഞു.