കോഴിക്കോട്: കേരളം വരണ്ടുണങ്ങുമ്പോൾ കണ്ണീരിന്റെ കഥകളാണ് വാഴകർഷകർക്ക് പറയാനുള്ളത്. വിലകൂടിയ വാഴചിപ്‌സടക്കം ഒരു ദിവസം പോലും വാഴയ്ക്ക ഉപയോഗിക്കാത്ത വീടുകളില്ല. പച്ചക്കായ ഇല്ലാതെ കറികളും തോരനുമില്ല. വില കിലോയ്ക്ക് ഇപ്പോഴും അറുപത് വരെ. എന്നിട്ടും കാർഷിക മേഖലയിൽ നിന്നും ഉയരുന്നത് സങ്കടങ്ങളുടെ കഥകൾ. കോഴിക്കോട് ജില്ലയിൽ മാത്രം സൊസൈറ്റികളിൽ റജിസ്റ്റർ ചെയ്യപ്പെട്ട പ്രഫഷണൽ വാഴ കർഷകരുടെ എണ്ണം 6000. വീട്ടിലും തൊടികളിലുമായി കൃഷിചെയ്ത് കടകളിൽ വിൽപ്പനയ്ക്ക് നൽകുന്നവരുടെ എണ്ണം കൂട്ടിയാൽ അത് പതിനായിരക്കണക്കിന് വരും. 15മുതൽ 18കിലോവരെയുള്ള വാഴക്കുല വിൽപ്പനയ്ക്ക് കൊണ്ടുവരുന്നവരുണ്ട്. കിലോയ്ക്ക് 40 രൂപവരെ കിട്ടിയിരുന്നത് ഇപ്പോൽ പത്തുരൂപയിലേക്ക് വരെ താഴ്ന്നു. വെറുതെ കൊടുത്താലും വാങ്ങാൻ ആളില്ലാത്ത അവസ്ഥ. ചൂട് അത്രയും ബാധിച്ചിട്ടുണ്ട് വാഴയെ. മുക്കത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ കർഷകസമിതിയുടെ സെന്ററിലെത്തിയപ്പോൾ വാഴക്കുലകളുടെ പൂരമാണ്. വാങ്ങാൻ ആളില്ല. വാങ്ങിയാലും പഴുപ്പില്ല, രുചിയില്ല. വെറുതെ കൊടുത്താലും ആളില്ല. കർഷകരുടെ പറമ്പുകളിലേക്ക് ചെന്നപ്പോൾ തെങ്ങിൻ ചുവടിലും പറമ്പിലുമൊക്കെയായി നല്ല വഴക്കുലകൾ കൂട്ടിയിട്ടിരിക്കുന്നു. വിൽക്കാനല്ല, നാളെ ഭൂമിക്ക് വളമാകാൻ മാത്രം.
ആത്മഹത്യചെയ്യാത്തത് മക്കളെ ഓർത്ത്
ഇത്രയും പ്രതിസന്ധിയും കടക്കെണിയുമുണ്ടായിട്ടും ആത്മഹത്യചെയ്യാത്തത് രണ്ട് പെൺമക്കളെയോത്താണെന്ന് അഗസ്ത്യമൂഴി തടപ്പറമ്പിൽ വേണുദാസ്. നാലര ഏക്കറിലായി 4000വാഴകളാണ് വേണു ഇത്തവണ കൃഷി ചെയ്തത്. ഏഴുവർഷമായി പാട്ടത്തിനെടുക്കുന്ന സ്ഥലത്ത്. ഒരു വർഷത്തെ പാട്ടത്തുകമാത്രം 80,000രൂപ. നാലായിരം വാഴകളിൽ 3500കുലകളും നഷ്ടപ്പെട്ടു. കൊടും ചൂടിൽ ശരിയായി പാകമാവാതെ ഉപയോഗ ശൂന്യം. മുൻവർഷങ്ങളിൽ കിലോയ്ക്ക് 40രൂപയ്ക്ക് വരെ വിറ്റ കുലകൾ ഇത്തവണ പത്തുരൂപയ്ക്ക് വരെ വിൽക്കേണ്ടി വന്നു. അതുപോലും ആളുകൾക്ക് വേണ്ടാതെ വന്നപ്പോൾ തോട്ടത്തിലും തെങ്ങിൻ ചുവടിലുമായി കൂട്ടിയിട്ടിരിക്കുന്നു. എട്ടുലക്ഷം രൂപയോളമാണ് നഷ്ടമായിരിക്കുന്നതെന്ന് വേണു പറയുന്നു. വാഴ വാടി കുലയ്ക്കുംമുമ്പേ ഒടിഞ്ഞുപോയത് നിരവധി. എന്നാൽ ശരിയായ വിളവെടുപ്പിന് പാകമായി ഒരു കുല പതിനഞ്ചു പതിനെട്ടും കിലോയോളം വന്നവ ചൂടുകാരണം പഴുക്കാതെയും. കൃഷിഭവനെ സമീപിക്കുമ്പോൾ അധികൃതർ കൈമലർത്തുകയാണ്. വല്ല പ്രളയവും കാറ്റും മഴയുമാണെങ്കിൽ വകുപ്പുണ്ട്. പാകമായ കുല പുഴുക്കുന്നില്ലെന്നതിന് മാനദണ്ഡമില്ലെന്നാണ് അധികൃതർ പറയുന്നത്. എന്തു ചെയ്യണമെന്നറിയില്ല. ലോണെടുത്തിട്ടാണ് കൃഷി. ബാങ്കുകാരോട് എന്തുപറയും. വേണുവിന്റെ ചോദ്യത്തിന് മറുപടിയില്ല. വേണുവിനെപ്പോലെതന്നെയാണ് പ്രഭാകരൻ വളപ്പിലിന്റേയും അപ്പുണ്ണിയുടേയും ഇ.പി.ബാബുവിന്റേയും അബ്ദുൾബാറിന്റേയും ഷാജിയുടേയുമെല്ലാം സ്ഥിതി. പന്നികളെപ്പേടിച്ച് ഇലക്ട്രിക് ഫെൻസിങ്ങടക്കം ഉണ്ടാക്കി അതീവ ശ്രദ്ധയോടെ അധുനികരീതിയിലാണ് ഇവരെല്ലാം കൃഷി ചെയ്തത്. പക്ഷെ ഫലമോ വലിയ നഷ്ടം.
മാനദണ്ഡങ്ങൾ മാറണം, പ്രീ-കൂളിംഗ് സംവിധാനം വേണം
ചൂട് കൂടിയതോടെ വാഴകർഷകരുടെ ദുരിതത്തിന് അറുതിയില്ലെന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ ഡപ്യൂട്ടി മാനേജർ ജയരാജ് ജോസഫ്. നിലവിൽ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. പക്ഷെ അത് കാറ്റും മഴയും പ്രകൃതിക്ഷോഭവും പ്രളയവുമുണ്ടാകുമ്പോഴുള്ള നാശത്തിനാണ്. ഇപ്പോഴത്തെ പ്രശ്നം പാകമായ കുലകൾപോലും പഴുക്കുന്നില്ലെന്നതാണ്. 35ഡിഗ്രിക്കുമേൽ ചൂടുവന്നാൽ കുലകൾ പഴുക്കില്ല. മേയ് ആദ്യം മുതൽ കുലകൾ പാകമായി വെട്ടിവിൽക്കാനുള്ള കാലമാണ്. 15മുതൽ 18വരെ കിലോയുണ്ട് കുലകൾ. പക്ഷെ അത് പഴുക്കുന്നില്ല. രുചിയില്ല. ഒരു പഴത്തിന്റെ മുഴുവൻ ഭാഗവും ഒരുപോലെ പഴുക്കുന്നില്ലെങ്കിൽ ആളുകൾ എങ്ങിനെ വാങ്ങും. അതുതന്നെയാണ് കർഷകർ ആനുഭവിക്കുന്ന പ്രധാന പ്രശ്നവും. വെട്ടിയ ഉടൻ കുലകൾ രണ്ടുദിവസം തണുപ്പിച്ചാൽ സാധാരണഗതിയിൽ പാകമാവുന്നുണ്ട്. പക്ഷെ ജില്ലയിലൊരിടത്തും അത്തരം സംവിധാനങ്ങളില്ല. ജില്ലയിലെ കർഷകരെ സഹായിക്കാൻ പ്രീകൂളിംഗ് സംവിധാനം ഉണ്ടാക്കുകയാണെങ്കിൽ ഒരു പരിധിവരെ ഭാവിയിലും ഈ പ്രശ്നത്തെ മറികടക്കാനാവും. അതുപോലെ ഇതും പ്രകൃതിക്ഷോഭത്തിൽ പെടുത്തി സഹായം നൽകാനുള്ള സഹായം വേണം. അതിന് ശാസ്ത്രീയമായ പഠനം വേണമെന്നും ജയരാജ് പറഞ്ഞു.
കൃഷിനാശം നേരിൽ കണ്ടറിയാൻ വിദഗ്ദ്ധസംഘം
കോഴിക്കോട്: വരൾച്ചാക്കാലത്തുണ്ടായ കൃഷിനാശം നേരിൽകണ്ട് വിലയിരുത്താൻ വിദഗ്ദ്ധ സംഘമെത്തി. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ദ്ധ സംഘം രണ്ടുദിവസമായി സന്ദർശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും
കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം. വരൾച്ചയുടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ഓരോ കൃഷി സ്ഥലങ്ങളിലും മഴവെള്ള സംഭരണി സ്ഥാപിക്കുകയും ജലസ്രോതസ്സുകൾ പരമാവധി നന്നാക്കി ഉപയോഗപ്പെടുത്തുകയും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മണ്ണിളക്കൽ, പുതയിടൽ പോലുള്ള കാർഷിക പ്രവൃത്തികൾ ചെയ്ത് മണ്ണ് സംരക്ഷിച്ചു നിർത്തുകയും മൈക്കോറൈസ പോലുള്ള സൂക്ഷ്മാണുക്കളെ മണ്ണിൽ വിന്യസിപ്പിച്ച് സസ്യങ്ങളുടെയുംമണ്ണിന്റെയും ആരോഗ്യം സംരക്ഷിച്ച് നിർത്തുകയും വേണമെന്ന് സംഘം. കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീവിദ്യ എം.കെ, പ്രിയ മോഹൻ, ബിന്ദു.ആർ, കൃഷി ശാസ്ത്രജ്ഞരായ ഡോ. ഷിജിനി.എം, ഡോ. ശ്രീറാം, ഡോ. സഫിയ എൻ.ഇ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വരൾച്ചാ കാലത്തെ കർഷകരുടെ പ്രശ്‌നങ്ങൾ നിലവിലുള്ള മാനദണ്ഡങ്ങൾ തിരുത്തി കൃഷിവകുപ്പും സർക്കാരും ഇടപെടണം
കെ. ഷാജികുമാർ,
കേരള സ്റ്റേറ്റ് ഡയറക്ടർ
വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ