കുന്ദമംഗലം: കേരളം കാണാനെത്തി അസുഖബാധിതനായി ആശുപത്രിയിലായ വിദേശപൗരനെ സഹായിച്ചതിന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിലിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഭിനന്ദനം. വിനോദസഞ്ചാരത്തിനിടെ ഒറ്റപ്പെട്ടുപോയ 66 കാരനായ ഫ്രഞ്ച്പൗരൻ ഷോഗ് ഐസയെയാണ് ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പിന് പോലും ആരുമില്ലാതെ വിഷമിക്കുകയായിരുന്ന വിദേശപൗരനെ നൗഷാദ് തെക്കെയിലും സഹപ്രവർത്തകരും ആശുപത്രിയിലെത്തി സഹായിക്കുകയായിരുന്നു. തുടർചികിത്സയ്ക്കായി മുഖ്യമന്ത്രിയെയും എംബസിയുമായും ബന്ധപ്പെടുത്തി. പ്രയാസത്തിലായ വിദേശപൗരന് പരിചരണങ്ങൾ നൽകുകയും ബന്ധപ്പെട്ട അധികൃതരെ കൃത്യസമയത്ത് അറിയിക്കുകുകയും ചെയ്തതിനാണ് നൗഷാദ് തെക്കെയിലിന് അഭിനന്ദനം നൽകിയത്. ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ് നൗഷാദിനെ വിളിച്ചുവരുത്തി അഭിനന്ദനകത്ത് കൈമാറി.