kunnamangalamnews
സൈനികൻ ഷിജു.

കുന്ദമംഗലം: നീണ്ട ആറ് വർഷമായി അടക്കിപിടിച്ച നൊമ്പരങ്ങളോടെ കോമളവല്ലിയും മാധവനും ചോദിക്കുന്നു. ഞങ്ങളുടെ മോനെ അവരെവിടെ ഒളിപ്പിച്ചു..? പാട്യാലയിലെ സൈനിക ക്യാമ്പിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക..? കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് വെള്ളലശ്ശേരി പൊൽപണത്തിൽ സൈനികൻ ഷിജുവിനെ കണ്ടെത്താൻ കുടുംബം മുട്ടാത്ത വാതിലുകളില്ല. കരഞ്ഞുവറ്റിയ കണ്ണുകളുമായി ഷിജുവിന്റെ ഭാര്യ നീതുവും അച്ഛനെ തിരക്കുന്ന ആറാംക്ലാസുകാരി മകൾ ദ്രുതയും.

2018 മേയ് 28 നാണ് അമ്പാല 140 എയർ ഡിഫൻസ് റെജിമെന്റിലായിരുന്ന മുപ്പത്തേഴുകാരൻ ഹവിൽദാർ പി.ഷിജുവിനെ കാണാതായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ചണ്ഡിഗഡിൽ നിന്ന് ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിലേക്ക് രണ്ട് ഗാർഡുകൾക്കൊപ്പം ചികിത്സയ്ക്ക് പോയതായിരുന്നു ഷിജു. യാത്രയ്ക്ക് മുമ്പ് ഇക്കാര്യം ഷിജു വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഡൽഹിയിൽ ഇറങ്ങിയപ്പോൾ ഷിജുവിനെ കാണാതായെന്നാണ് സൈനിക കേന്ദ്രം കുടുംബത്തെ അറിയിച്ചത്. സഹോദരൻ ബിജു അടുത്ത ദിവസം ഡൽഹിയിലെത്തിയപ്പോൾ ഗാർഡുമാരും ഷിജുവും ഡൽഹിയിലെ ഒരു ലോഡ്ജിൽ താമസിച്ചതായി വിവരം ലഭിച്ചു. മേയ് 29ന് രാവിലെ ലോഡ്ജിന് മുന്നിലെ എ .ടി .എം കൗണ്ടറിൽ നിന്ന് 5000 രൂപ പിൻവലിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ ഇക്കാര്യം സൈനിക കേന്ദ്രങ്ങൾ കുടുംബത്തോട് മറച്ചുവെച്ചത് ദുരൂഹത ഉയർത്തുന്നു. സഹോദരന്റെ പരാതി സ്വീകരിക്കുവാൻ ഡൽഹി പൊലീസ് തയ്യാറായില്ല. അതിനിടെ ഭാര്യ നീതു കുന്ദമംഗലം പൊലീസിലും പരാതി നൽകി. അമ്പാല ക്യാമ്പിൽ നിന്ന് പാട്യാലയിലെ സൈനിക കാന്റീനിലേക്ക് ഷിജുവിനെ താത്ക്കാലിക ഡ്യൂട്ടിക്ക് നിയമിച്ചതായിരുന്നു. കാന്റീനിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. കേന്ദ്ര പ്രതിരോധ മന്ത്രി, കരസേന മേധാവി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണ‌ർ എന്നിവർക്കെല്ലാം നിവേദനം നൽകി. മകനെ കണ്ടെത്താൻ സഹായം തേടി മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസിൽ എത്തിയിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു.

ഒരു ദിവസം മകൻ വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തിരോധാനത്തിന്റെ ചുരുളഴിയാൻ സമഗ്രമായ പുനരന്വേഷണമാണ് വേണ്ടത്. അതിന് അധികൃതർ കനിയുക തന്നെ വേണം.