stetus

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയയാൾ ഡോക്ടറെയും ജീവനക്കാരെയും മർദ്ദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. സുസ്മിത്തിനാണ് സ്ഥലവാസിയായ രഞ്ചുവിന്റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന പ്രതി ഡോക്ടറുടെ കുടുംബത്തെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. കല്ലെടുത്ത് ഡോക്ടറുടെ തലയ്ക്ക് അടിക്കാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പ്രതിയെ വനിത ഡോക്ടർ പ്രാഥമിക ചികിത്സ നൽകി പറഞ്ഞയച്ചതായിരുന്നു. മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് തിരികെയെത്തി വനിത ഡോക്ടറെ അസഭ്യം പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ ജീവനക്കാരെ കെെയേറ്റം ചെയ്തു. ഇത് തടയാനെത്തിയ ഡോ. സുസ്മിത്ത്‌ സംഭവം ഫോണിൽ പകർത്തിയതോടെ രഞ്ചു രോഷാകുലനായി. ആശുപത്രി ജീവനക്കാർ പുറത്താക്കിയെങ്കിലും പതുങ്ങിയിരുന്ന് ഡോ. സുസ്മിത് പുറത്തുവന്നപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചു. കൈയ്ക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ജീവനക്കാർ ഓടിക്കൂടിയതോടെ രക്ഷപ്പെട്ടു. ഡോക്ടറുടെ പരാതിയിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ അക്രമി കുത്തിക്കൊന്നതിന്റെ ഒന്നാം വാർഷിക ദിവസമാണ് കേരളത്തിൽ വീണ്ടും ഡോക്ടർക്കെതിരെ ആക്രമണമുണ്ടായത്.