lockel
മരിച്ച സൈനികൻ ആദർശി​ന്റെ മൃതദേഹം വഹിച്ചു വരുന്ന വാഹനം വിലാപയാത്രയായി കോഴിക്കോട് ബെപ്പാസ് വഴി രാമനാട്ടുകര മേൽപ്പാലത്തിന് ചുവട്ടി​ലേക്ക് എത്തുന്നു

രാമനാട്ടുകര: വെളളിയാഴ്ച ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിൽ പാറക്കല്ല് വീണ് മരിച്ച സൈനികൻ ആദർശിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി നാട്ടുകാർ. കുന്നത്ത് മോട്ടയിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംസ്കാരം . സഹോദരങ്ങളായ അക്ഷയ്, അനന്തു എന്നിവർ ചേർന്നാണ് തീകൊളുത്തിയത് . ഞായറാഴ്ച രാത്രി 10.30 ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം അവിടെ നിന്നും 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയൻ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി. രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ കരസേനയുടെ തുറന്ന വാഹനത്തിൽ ദേശീയ പതാക പുതപ്പിച്ച് വിലാപയാത്രയായി കോഴിക്കോട് ബെപ്പാസ് വഴി രാമനാട്ടുകര മേൽപ്പാലത്തിന് ചുവട്ടിൽ നിന്നും അനേകം വാഹനങ്ങളുടെയും ജനങ്ങളുടെയും അകമ്പടിയോടെ ഫറോക്ക് ചുങ്കം എട്ടേ നാല് ഖാദിസിയ്യ സ്കൂളിൽ പൊതുദർശനത്തിന് വച്ചു.മന്ത്രി മുഹമ്മദ് റിയാസിനായി സച്ചിൻ ദേവ് എം.എൽ എ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. കോഴിക്കോട് എം.പി എം.കെ രാഘവൻ, രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, വൈസ് ചെയർമാൻ കെ.സുരേഷ്,ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ്,എന്നിവരും ജനപ്രതിനിധികൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രാമനാട്ടുകര ആംബുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്‍മ, കാലിക്കറ്റ് റോയൽ റൈഡേഴ്സ് ബുള്ളറ്റ് ക്ലബ്ബ്, നാട്ടുകാർ എന്നിവർ രാമനാട്ടുകരയിൽ നിന്നും വീട് വരെ മൃതദേഹത്തോടൊപ്പം അനുഗമിച്ചിരുന്നു.

ആർമിയിൽ 426 എൻജിനിയർ റെജിമെന്റിൽ ജോലി ചെയ്യുന്ന ആദർശ് സൈനിക വാഹനത്തിൽ ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ മണ്ണിടിച്ചിൽ സംഭവിക്കുകയും കൂറ്റൻ പാറ വാഹനത്തിന് മുകളിലേക്ക് വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെടുകയായിരുന്നു. ഡ്രൈവർ സീറ്റിനു മുകളിൽ ആദർശ് ഇരിക്കുന്നിടത്തേക്കാണ് പാറക്കല്ല് വീണത് . ഏഴു വർഷമായി ആർമിയിൽ ജോലി ചെയ്യുന്ന ആദർശ് ആറുമാസം മുമ്പായിരുന്നു വിവാഹിതനായത്. ഫറോക്ക് ചുങ്കം കുന്നത്തുമോട്ട അതീപറമ്പ് ജയരാജിന്റെ മകനാണ് ആദർശ് . ആദിത്യയാണ് ഭാര്യ. മാതാവ്: ബബിത.