news
ജാനകിക്കാട്ടിൽ സർവേ നടത്തിയ സംഘം

കുറ്റ്യാടി: മരുതോങ്കര ജാനകിക്കാട്ടിൽ നിന്നും വ്യത്യസ്ത ഇനത്തിൽ പെട്ട മൂങ്ങകളെ കണ്ടെത്തി. രണ്ട് ദിവസമായി നടന്ന പക്ഷി കണക്കെടുപ്പിലാണ് അൻപത്തിനാലോളം ഇനത്തിലുള്ള പക്ഷികളെ കണ്ടെത്തിയത്. ഇവയിൽ ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ് . മൂങ്ങ വർഗക്കാരായ റിപ്ളി മുങ്ങ, സൈരന്ധ്രി നത്ത് എന്നീ പക്ഷികളെ ആദ്യമായിട്ടാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. മക്കാച്ചി കാടയുടെ സാന്നിദ്ധ്യം കാടിന്റെ എല്ലാ ഭാഗത്തും ഉള്ളതായി സർവേ സംഘം വിലയിരുത്തി. പക്ഷികളുടെ ഫോട്ടോ പകർത്തിയും ശബ്ദം റെക്കോർഡ് ചെയ്തുമാണ് സർവേ സംഘം പക്ഷികളെ തിരിച്ചറിഞ്ഞത്. ജാനകിക്കാട് വന സംരക്ഷണ സമിതിയുടെയും, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും, കോഴിക്കോഡ് ബേഡേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സർവേ നടന്നത്. ജാനകിക്കാട് വന സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ്, സെക്രട്ടറി. ദീപേഷ് , ഇക്കോ ടൂറിസം ഗൈഡ്. സുധീഷ്, പക്ഷിനിരീക്ഷകരായ മുഹമ്മദ് ഹിറാഷ് വി.കെ, അരുൺ നടുവണ്ണൂർ, ഗോകുൽ അടിവാരം, ജിതേഷ് നോച്ചാട്, അനാമിക, രാംഗീത് എന്നിവർ നേതൃത്വം നൽകി.