18,19 തീയതികളിൽ ജനപങ്കാളിത്തതോടെ ശുചീകരണ പ്രവൃത്തി
കോഴിക്കോട്: മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ പകർച്ചാവ്യാധികൾ പിടിമുറുക്കിയതോടെ മഴക്കാല പൂർവ ശുചീകരണം വേഗത്തിലാക്കാൻ ശ്രമം. മേയ് മാസം പകുതിയായിട്ടും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായില്ലെന്ന പരാതി ഉയർന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള പകർച്ചാ വ്യാധികൾ പടരുന്നതോടെ ശുചീകരണം നടത്തണമെന്ന ആവശ്യം ശക്തമായി.
ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണം ഈ മാസം 20 നകം പൂർത്തീകരിക്കാൻ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 18,19 തീയതികളിൽ വൻ ജനപങ്കാളിത്തതോടെ ശുചീകരണ പ്രവൃത്തി നടത്തും. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവ ചേർന്ന് കണ്ടെത്തിയ ഹോട്ട്സ്‌പോട്ടുകൾ ശുചീകരിച്ചതിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ ജില്ലാ തല അവലോകന യോഗം ചർച്ച ചെയ്തു. ശേഷിക്കുന്നത് കണ്ടെത്തി ശുചീകരിക്കാൻ നിർദ്ദേശം നൽകി.
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ മുമ്പ് ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ സാഹചര്യമുള്ളതുമായ വാർഡുകളാണ് ഹോട്ട്സ്‌പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ വെസ്റ്റ് നൈൽ പനി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും നടന്നുവരുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡ്തല ജാഗ്രതാ സമിതികൾ ഫലപ്രദമായി ഇടപെടുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി.ജെ. അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 28 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നോഡൽ ഓഫീസർമാർ പങ്കെടുത്തു.
അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം. എന്നിവർ പ്രസംഗിച്ചു.