കോഴിക്കോട്: ''കനത്ത മഴയിൽ വലിയ ശബ്ദവും ആംബുലൻസിന്റെ നിറുത്താതെയുള്ള ഹോണും കേട്ടാണ് ഉണർന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. വൈദ്യുതിയും ഇല്ലായിരുന്നു. നോക്കിയപ്പോൾ വാഹനവും കടകളും കത്തുന്നതാണ് കണ്ടത് ''- പറഞ്ഞ് നിറുത്തുമ്പോഴേക്കും പ്രദേശ വാസികളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
കനത്ത മഴയിൽ പുലർച്ചെ മൂന്നരയോടെയാണ് ജീവനും കൊണ്ടോടിയ ആംബുലൻസ് ലക്ഷ്യസ്ഥാനത്തിന് 300 മീറ്റർ അകലെ കത്തിയമർന്നത്. ഉദര സംബന്ധമായ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് മിംസ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകും വഴിയായിരുന്നു സംഭവം. രോഗിയായ സുലോചന, ഡോക്ടർ ഫാത്തിമ, എമർജൻസി ടെക്നീഷ്യൻമാരായ ഹർഷ, ജാഫർ, ഡ്രൈവർ അർജുൻ, രോഗിയുടെ ഭർത്താവ് ചന്ദ്രൻ, കൂട്ടിരുപ്പുകാരി പ്രസീത തുടങ്ങി ഏഴുപേരായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്. കല്ലുത്താൻ കടവിന് സമീപത്തെ ചെറിയ വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ ആംബുലൻസ് നനഞ്ഞുകിടന്ന റോഡിൽ തെന്നി സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. നിയന്ത്രണം വിട്ടതോടെ നാല് നില കെട്ടിടത്തിലേക്ക് ഇടിച്ച് മറിഞ്ഞ ആംബുലൻസ് നിമിഷനേരംകൊണ്ട് കത്തിയമർന്നു. ആംബുലൻസിന്റെ മുകളിലേക്ക് വെെദ്യുത തൂൺ ഒടിഞ്ഞു വീണതിനെ തുടർന്നുണ്ടായ സ്പാർക്കാണ് കത്താൻ കാരണമെന്നാണ് പൊലീസും അഗ്നിശമന സേനയും പറയുന്നത്. ഐ.സി.യു ആംബുലൻസായതിനാൽ ഓക്സിജൻ സിലിണ്ടറുകളും മറ്റും ഉള്ളതിനാൽ തീ പടർന്ന് പിടിക്കാൻ കാരണമായി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ നിന്ന് തെറിച്ചുവീണവർ സമീപത്തുണ്ടായിരുന്നവരെ വിളിച്ച് രക്ഷാ പ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും തീ പടർന്നതോടെ സ്ട്രക്ചറിൽ കിടന്ന രോഗി വെന്തുമരിച്ചു. അപകടത്തിൽ പെട്ട ആംബുലൻസ് ഏകദേശം നാലു മിനിറ്റിനകം തീഗോളമായി മാറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്രും പൊലീസും എത്തി തീയണച്ചാണ് സുലോചനയുടെ മൃതദേഹം പുറത്തെടുത്തത്. സമീപത്ത് മാസങ്ങളായി പൂട്ടിക്കിടക്കുന്ന നാലുനില ഫർണിച്ചർ ഷോറൂമിന്റെ ഒരു ഭാഗവും തൊട്ടടുത്തുള്ള ഹ്യൂണ്ടായ് കാർ ഷോറൂമിന്റെ ഒരു വശത്തെ റാമ്പും പൂർണമായും കത്തി നശിച്ചു.