@കെട്ടിടം അനധികൃതമെന്ന് പഞ്ചായത്ത്


കോഴിക്കോട്: നഗരത്തിനടുത്ത കുറ്റിക്കാട്ടൂരിൽ ആക്രി സാധനങ്ങളുടെ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് സാമഗ്രികൾക്ക് തീപിടിച്ച് രണ്ടുകിലോമീറ്ററോളം ദൂരത്തെ ജനവാസമേഖല വിഷപ്പുകയിൽ മുങ്ങി. ഇപ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ല. എട്ട് യൂണിറ്റ് ഫയർഫോഴ്‌സ്,പൊലീസ്, നാട്ടുകാർ തുടങ്ങി നൂറുകണക്കിനാളുകളാണ് തീയണയ്ക്കാൻ രംഗത്തുള്ളത്. കല്ലായി സ്വദേശികളായ മുഹമ്മദ് ആദിൽ,മുഹമ്മദ് ആഖിപ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റാർക്ക് മെറ്റൽസിലാണ് തീപിടിത്തം.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് ചെറിയ രീതിയിൽ ഗോഡൗണിൽ നിന്ന് പുകയുയർന്ന് തുടങ്ങിയത്. പുറത്ത് കാവലുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് പുക ഉയരുന്നത് കണ്ടത്. ഉടൻ ഗോഡൗണിനുള്ളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചുണർത്തി. തീ അണയ്ക്കാനുള്ള അവരുടെ ശ്രമം വിഫലമായതോടെയാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. ആദ്യം വെള്ളിമാട്കുന്ന് ഫയർഫോഴ്‌സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്. എന്നാൽ തീ നിയന്ത്രണാതീതമാവുന്നില്ലെന്ന് കണ്ട് ഇവർ മീഞ്ചന്ത,ബീച്ച്,നരിക്കുനി,മുക്കം,കൊയിലാണ്ടി യൂണിറ്റുകളുടെ സഹായം തേടി. എന്നാൽ ഇന്നലെ വൈകീട്ടായിട്ടും പൂർണമായും തീ കെടുത്താൻ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ ഫർണിച്ചർ ഗ്രാമമെന്നറിയപ്പെടുന്ന കുറ്റിക്കാട്ടൂർ ടൗണിൽനിന്നും 100മീറ്റർ അകലെയാണ് ഗോഡൗൺ. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ,മറ്റ് പ്ലാസ്റ്റിക്കുകൾ,ഇരുമ്പ്,സ്റ്റീൽ ഉത്പ്പന്നങ്ങൾ തുടങ്ങി വലിയ ശേഖരമാണിവിടെയുള്ളത്. ഇവിടെ നിന്നും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പാക്കുകളാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുന്നതാണ് രീതി. ഷോർട്‌സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വെള്ളിമാട്കുന്ന് ഫയർസ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫീസർ നന്ദകുമാർ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ ഗോഡൗണിനുള്ളിൽ താമസിക്കുന്നതിനാൽ സിഗരറ്റ് കുറ്റികളിൽ നിന്നോ മറ്റോ തീപിടിത്തമുണ്ടായിട്ടുണ്ടോയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചായത്തിന്റെ ലൈസൻസോ അറിവോ ഇല്ലാതെയാണ് ഇത്തരമൊരു കെട്ടിടം രണ്ടുവർഷമായി പ്രവർത്തിച്ചുവരുന്നതെന്നും അനധികൃതകെട്ടിടം എന്നനിലയിൽ ജൂൺ 15ന് മുമ്പ് പൊളിച്ചുമാറ്റി സാധനസാമഗ്രികളെല്ലാം നീക്കം ചെയ്യണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടതായി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി പറഞ്ഞു.