fire
കോഴിക്കോട് കുറ്റിക്കാട്ടൂർ ആക്രി ഗോഡൗണിന് തീപിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ

കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ ആക്രി ഗോഡൗൺ കത്തിയമർന്നപ്പോൾ പ്രദേശം ശ്വാസം മുട്ടിയത് മണിക്കൂറുകൾ. നാലുമാസം മുമ്പ് വെസ്റ്റ്ഹിൽ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിന് സമാനമാണ് ഇന്നലെ കുറ്റിക്കാട്ടൂരും കണ്ടത്. വെസ്റ്റ് ഹിൽ തീപിടിത്തത്തിന്റെ ഉത്തരവാദിത്വം കോർപറേഷൻ ഏറ്റെടുത്തെങ്കിലും കുറ്റിക്കാട്ടൂരിലെ മാലിന്യകേന്ദ്രം പഞ്ചായത്തിന് പോലും അറിവില്ല ! . തിങ്കളാഴ്ച രാത്രി തുടങ്ങിയ പുകയും തീയും പൂർണമായും കെട്ടടങ്ങിയിട്ടില്ല. കുറ്റിക്കാട്ടൂരിലും പരിസരത്തും ഇന്നലെ തുറന്ന് പ്രവർത്തിച്ചത് നാമമാത്ര കടകൾ. ആളുകൾ വീടുകൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്ന അവസ്ഥ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശ ത്ത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉയർത്തുന്നത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കുറ്റിക്കാട്ടൂരിലെ ആക്രി ഗോഡൗണിന് തീപിടിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ട് അഗ്നിശമന സേന യൂണിറ്റ് തീയണയ്ക്കാൻ മണിക്കൂറുകൾ ചെലവിട്ടെങ്കിലും ഇന്നലെ വൈകിയും തീയും പുകയും ഉയരുകയാണ്. വേനൽമഴ ശക്തമായി പെയ്തിട്ടും കെടാത്ത തീ ജീവനും സ്വത്തിനും ഭീഷണയായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കുറ്റിക്കാട്ടൂർ സംസ്ഥാനത്തെ അറിയപ്പെടുന്ന ഫർണിച്ചർ ഗ്രാമമാണ്. ഈ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നത് അമ്പതോളം കടകൾ. ആയിരത്തോളം ജീവനക്കാർ. പരിസര പ്രദേശങ്ങളിലായി അടുത്തടുത്ത് നിരവധി വീടുകൾ. എല്ലാം രണ്ടുദിവസമായി പ്ലാസ്റ്റിക് പുക വിഴുങ്ങിയ അവസ്ഥയിൽ.

കർശന നടപടിയുണ്ടാവും: പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്:പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആക്രി ഗോഡൗൺ തുടങ്ങിയവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി. തീപിടിത്തമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് പഞ്ചായത്ത് പരിധിയിൽ ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നതറിഞ്ഞത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വ്യവസായ വകുപ്പിന്റെയും അനുമതിയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്ത് യാതൊരു അനുമതിയും നൽകിയിട്ടില്ല. ജനങ്ങളുടെ പരാതിയിൽ ജൂൺ 15നകം എല്ലാം പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശികളായ മഹമ്മദ് ആദിലിന്റേയും മുഹമ്മദ് ആഖിപിന്റേയുമാണ് സ്ഥാപനം. സ്റ്റാർക്ക് മെറ്റൽ എന്നപേരിൽ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ആക്രി സാധന സാമഗ്രികളും വാങ്ങി ഉത്തരേന്ത്യയിലെ സംസ്‌കരണ യൂണിറ്റുകൾക്ക് നൽകുകയാണ് കച്ചവടം. അവിടെയാണ് തീപ്പിടുത്തമുണ്ടായത്.