harsheena
കെ.കെ.ഹർഷീന സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണിറിൽ നടന്ന ഹർഷീന ചികിത്സ, നിയമ സഹായ ഫണ്ട് സമാഹരണം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

@ സർക്കാർ കാണിക്കുന്നത് കൊടിയ അപരാധം:എം.കെ.രാഘവൻ

കോഴിക്കോട്: അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ ആവശ്യമായതിനാൽ ഫണ്ട് സ്വരൂപണവുമായി സമര സഹായ സമിതി. കോഴിക്കോട് കിഡ്‌സൺ കോർണറിൽ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ കൊടിയ അപരാധത്തിന്റെ പേരിൽ ജീവിതം പെരുവഴിയിലായ ഹർഷീനയോട് സർക്കാ ർകാണിക്കുന്ന നിസംഗത നീതീകരിക്കാനാവില്ലെന്ന് എം.കെ.രാഘവൻ പറഞ്ഞു. ലക്ഷങ്ങളാണ് ഹർഷീനയ്ക്ക് ചികിത്സയ്ക്ക് ചെലവായത്. കുടുംബം കടക്കെണിയിലായി. വിഷയത്തിൽ സിപി.എം ജില്ലാ സെക്രട്ടറി ചർച്ച നടത്തിയതായി ശ്രദ്ധയിൽപെട്ടു. സി.പി.എമ്മാണോ പ്രശ്‌നം പരിഹരിക്കേണ്ടത്. സർക്കാർ തല പ്രശ്‌നങ്ങൾ പാർട്ടിയ്ക്ക് വിട്ട് തടി ഊരുന്നത് നീതി നിഷേധമാണെന്നും രാഘവൻ പറഞ്ഞു. സമര സഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. പി.എം.നിയാസ്, എം.പി.സേതുമാധവൻ, മുസ്തഫ പാലാഴി, എസ്.കെ.അബൂബക്കർ, ഇ.പി.അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സ്വകാര്യ ആശുപത്രിയിൽ തീരുമാനിച്ച ശസ്ത്രക്രിയയ്ക്ക് പണമില്ലാത്തതിനാലാണ് സമരസമിതി സഹായം തേടുന്നതെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു. കത്രിക നീക്കിയിടത്ത് പഴുപ്പ്, മുഴ, അസഹ്യമായ വേദന എന്നിവ അനുഭവപ്പെട്ടതിനാലാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.