കുന്ദമംഗലം: വിദ്യാഭ്യാസ, ഗവേഷണ രംഗത്ത് അക്കാഡമിക് സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എൻ.ഐ.ടി കാലിക്കറ്റും തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി(എൻ.ഐ.ഐ.എസ്.ടി) യുമായി ധാരണാപത്രം ഒപ്പുവച്ചു. സംയുക്ത ഫണ്ടിംഗ് ആപ്ലിക്കേഷനുകൾ, ഗവേഷണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി എന്നിവ പങ്കുവയ്ക്കുന്നതിലൂടെ സ്ഥാപനങ്ങൾ വിവിധ ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുമെന്ന് എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, മെറ്റീരിയൽസ് എൻജിനിയറിംഗ്, കെമിക്കൽ സയൻസസ്, ബയോ ആൻഡ് ഫുഡ് ടെക്നോളജി, എൻവയോൺമെന്റൽ എൻജിനിയറിംഗ് തുടങ്ങിയ പ്രായോഗിക ഗവേഷണ മേഖലകളിൽ സംയുക്ത ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അവസരങ്ങൾക്ക് ധാരണാപത്രം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ശാസ്ത്ര മേഖലകളിൽ ഗവേഷണം നടത്താനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കോഴിക്കോട് എൻ ഐ ടി യിലെ വിദ്യാർത്ഥികളോട് സി.എസ്.ഐ.ആർ- എൻ.ഐ.ഐ.എസ് .ടി ഡയറക്ടർ ഡോ.സി.ആനന്ദരാമകൃഷ്ണൻ പറഞ്ഞു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് അക്കാഡമിക് വിഭാഗം മേധാവി ഡോ.യു.എസ്.ഹരീഷ്, ബിസിനസ് ഡെവലപ്‌മെന്റ് യൂണിറ്റ് മേധാവി പി.നിഷി എന്നിവർ പ്രസംഗിച്ചു.