2
മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ കുട്ടികൾക്ക് ഒരുക്കിയ വായന ഇടം

@ ഉദ്ഘാടനം 25 ന്

കോഴിക്കോട്: പുതുതലമുറയെ പുസ്തകങ്ങളോട് ചേർത്തു നിർത്തുകയെന്ന ലക്ഷ്യത്തോടെ മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ കുട്ടികൾക്കായി 'വായനശാല' ഒരുങ്ങുന്നു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടാം നിലയിൽ ആരംഭിക്കുന്ന വായനമുറി 25ന് ഉദ്ഘാടനം ചെയ്യും. 2019ൽ പബ്ലിക് ലൈബ്രറിയിൽ തുടങ്ങിയ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് കുട്ടി വായനമുറി. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നവീകരണം. നാഷണൽ മിഷൻ ഓൺ ലെെബ്രറി (എൻ.എം.എൽ) 30 ലക്ഷം അനുവദിച്ചിരുന്നു. ബാക്കി സംസ്ഥാന ലെെബ്രറി കൗൺസിൽ വഹിക്കും. വിവിധ വർണങ്ങളിലുള്ള ഇരിപ്പിടങ്ങളും ഷെൽഫുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പെയിന്റിംഗുകൾ, കൂടുതൽ ഷെൽഫുകൾ എന്നിവ ഉടൻ ഒരുക്കും.

@വായിക്കാം

ചിത്രകഥകൾ , കുട്ടികഥകൾ, പഠന സംബന്ധമായ പ്രസിദ്ധീകരണങ്ങൾ, ബാലസാഹിത്യ കൃതികൾ

@വായനയുടെ ലോകം

പബ്ലിക് ലൈബ്രറിയിൽ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണുള്ളത്. പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലാക്കിയതാൽ എല്ലാം വിരൽ തുമ്പിൽ ലഭിക്കും. ലൈബ്രറി ഓട്ടോമേഷനിലൂടെ എവിടെ നിന്നും പുസ്തകം തെരഞ്ഞെടുക്കാം. പുസ്തകങ്ങളെ കുറിച്ചുള്ള പൂർണ വിവരം ലൈബ്രറിയുടെ വൈബ്‌സൈറ്റിൽ ലഭ്യമാകും. അംഗത്വമുള്ളവർക്ക് പുസ്തകം പുതുക്കാൻ ലൈബ്രറിയിൽ എത്തേണ്ട കാര്യമില്ല. ദിവസവും ആയിരത്തിലേറെ പേർ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുണ്ട്. മുന്നൂറോളം പുസ്തകം പ്രതിദിനം വിതരണംചെയ്യുന്നു. 2019 ൽ സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാന പ്രകാരമാണ് കോഴിക്കോട് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററും കോഴിക്കോട് ജില്ലാ സെൻട്രൽ ലൈബ്രറിയും സംയോജിപ്പിച്ച് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററായി ഉയർത്തിയത്.

'' കുരുന്നുകളിൽ വായനയുടെ അഭിരുചി വളർത്താൻ വായന ഇടം സഹായമാവുമെന്നാണ് പ്രതീക്ഷ. വരും നാളിൽ കുട്ടികൾക്ക് അംഗത്വം നൽകൽ ഉൾപ്പെടെ തീരുമാനിക്കും.

''- കെ. ചന്ദ്രൻ ( സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം)