imch
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം

24 മണിക്കൂറും തിരക്കൊഴിയാത്ത ആതുരാലയം, ആരോഗ്യ രംഗത്തെ മലബാറിലെ അവസാന വാക്ക്. അക്കാഡമിക് രംഗത്തും ആതുരസേവനത്തിലും മികവിന്റെ ചരിത്രം മാത്രമുണ്ടായിരുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് ഇപ്പോൾ ശനിദശയാണ്. എവിടെ നോക്കിയാലും പിഴവുകയും പരാതികളും. ഓരോദിനവും മെഡി. കോളേജിൽ നിന്ന് പുറത്തുവരുന്ന സുഖകരമല്ലാത്ത വർത്തമാനങ്ങൾ സാധാരണക്കാരിൽ ഉണ്ടാക്കുന്നത് ആശങ്കയുടെ തീയാണ്. ഈ തീ അണയ്ക്കേണ്ടതുണ്ട്. പാവപ്പെട്ടവന്റെ ആശ്രയമായ ആതുരാലയം വിശ്വാസ്യത തിരിച്ചുപിടിക്കണം. പിഴവുകൾ ചൂണ്ടിക്കാട്ടിയും അനിവാര്യമായ മാറ്റങ്ങൾ എടുത്തുപറഞ്ഞും കേരളകൗമുദി പരമ്പര "ആശ്രയമാവണം ആതുരാലയം' ഇന്നുമുതൽ.

നൂറുരൂപ തികച്ചെടുക്കാനില്ലാത്തവർക്കു പോലും മതിപ്പുള്ള ചികിത്സ നൽകി രാജ്യത്തെ ഒന്നാംനിര ആശുപത്രികളുടെ പട്ടികയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഇടം. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനം പ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രി. എന്നാൽ സമീപകാലത്ത് നടന്ന പല സംഭവങ്ങളും അധികൃതർ സ്വീകരിച്ച സമീപനവും ആശുപത്രിയുടെ സൽപേരിന് കളങ്കം വീഴ്ത്തിയിരിക്കുകയാണ്. ഒ.പി മുതൽ ഓപ്പറേഷൻ തിയറ്ററുകളിൽ വരെ ചികിത്സാ പിഴവുകൾ. പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ കുറ്റക്കാർക്കൊപ്പം നിന്ന് വാദിയെ പ്രതിയാക്കുന്ന സമീപനം. നാല് വയസുകാരിയുടെ വിരൽ നീക്കേണ്ടതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയതാണ് പുറംലോകമറിഞ്ഞ ഒടുവിലത്തെ ചികിത്സാ പിഴവ്. ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയായ നാലു വയസുകാരി ആയ്ഷ റുവയാണ് ഡോക്ടറുടെ അനാസ്ഥ കാരണം കൊടിയ വേദന സഹിച്ചത്.

സംഭവം വിവാദമായതോടെ കുട്ടിയുടെ നാവിനും ആരോ​ഗ്യ പ്രശ്നമുണ്ടെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വിചിത്ര വാദം. വീഴ്ചകൾ ആവർത്തിക്കുമ്പോഴും മെഡിക്കൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പും സർക്കാരും കാണിക്കുന്ന അയഞ്ഞ സമീപനം കുറ്റക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുങ്ങുകയാണ്. കുറ്റക്കാരെ സംരക്ഷിക്കാൻ ആശുപത്രി ജീവനക്കാർ മുതൽ മന്ത്രിമാർ വരെ മത്സരിക്കുന്നു.

ഹർഷീന ജീവിക്കുന്ന രക്തസാക്ഷി

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി വർഷങ്ങളോളം കഴിയേണ്ടിവന്ന പന്തീരാങ്കാവ് സ്വദേശി ഹർഷീന ചികിത്സ പിഴവിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. നീതിയ്ക്കായി പൊരുതുന്ന ഹർഷീനയുടെ തുടർ ചികിത്സയ്ക്കായി പണം സമാഹരിക്കാൻ സമരസമിതി തെരുവിലിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഹർഷീനയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് തുടരുന്നത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിപാര തുകയാകട്ടെ നാമമാത്രവും. ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതോടെ വീണ്ടും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങേണ്ട അവസ്ഥയിലാണ് ഹർഷീന.

ചികിത്സയ്ക്കിടെ പീഡനം

2023 മാർച്ച് 18ന് തെെറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐ.സി.യുവിൽ പീഡനത്തിന് ഇരയായത് കോളേജിന് തീരാ കളങ്കം ചാർത്തി. പ്രതി അറസ്റ്റിലായെങ്കിലും നാടകീയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. പ്രതിയെ രക്ഷിക്കാൻ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. അതിജീവിതയ്ക്കൊപ്പം നിന്നതിന് നഴ്സിംഗ് ഓഫീസർക്ക് സ്ഥലമാറ്റം, നീതിക്കായി അതിജീവിതയുടെ സമരം. ഇതെല്ലാം കോളേജിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ച സംഭവത്തിലും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ അറുപതുകാരന്റെ ശരീരത്തിൽ ബാഹ്യവസ്തു കുടുങ്ങിയെന്ന് പരാതിയിലും പിഴവ് തള്ളിക്കളയുന്ന തരത്തിലായിരുന്നു മെഡി.കോളജിന്റെ വിശദീകരണം.

2022 ഒക്ടോബറിൽ കുത്തിവെപ്പ് നൽകി കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ച സംഭവത്തിലും മെഡി കോളേജായിരുന്നു പ്രതിസ്ഥാനത്ത്. മരുന്ന് മാറിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ വിഷയത്തിലും തുടക്കത്തിൽ ഇതു തന്നെയായിരുന്നു ആശുപത്രിയുടെ സമീപനം. കുടുംബാഗങ്ങളുമായി അനുനയ ചർച്ച നടത്തിയെങ്കിലും വിഷയം കെെവിട്ടു പോകുമെന്ന് ഉറപ്പായതോടെയാണ് ഡോക്ടറെ സസ്പെൻഡ് ചെയ്യുന്ന സാഹചര്യമുണ്ടായത്. പല ജില്ലകളിലും മെഡി.കോളേജ് വന്നെങ്കിലും ഇപ്പോഴും കോഴിക്കോടിനെ ആശ്രയിക്കാൻ കാരണം വിശ്വാസ്യതയും മികച്ച ഡോക്ടർമാരുടെ സേവനവും മെച്ചപ്പെട്ട ചികിത്സയുമായിരുന്നു. എന്നാൽ ചിലരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ മെഡിക്കൽ കോളേജിന്റെ സൽപ്പേര് എന്നന്നേക്കുമായി ഇല്ലാതാക്കുകയാണ്.

'വിവാദങ്ങൾ ആശുപത്രിയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടില്ല. രോഗികൾ ഓരോ ദിവസവും കൂടിവരികയണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകുന്നുണ്ട്''- ഡോ.അശോകൻ, മെഡി.കോളേജ് പ്രിൻസിപ്പൽ