kunjalikutty

കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ സമസ്തയിലെ ഒരു വിഭാഗം നേതാക്കളുടെ ലീഗ് വിരുദ്ധ പ്രവർത്തനത്തിൽ മുസ്ലീം ലീഗിൽ കടുത്ത അമർഷം. ഇന്നലെ ലീഗ് ഹൗസിൽ സംസ്ഥാന നേതൃയോഗത്തിൽ ഇത് ചർച്ചയായി. യു.ഡി.എഫ് - ലീഗ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനുള്ള ശ്രമം സമസ്തയിലെ ഒരു വിഭാഗത്തിൽ നിന്നുണ്ടായെന്ന് വിമർശനം ഉയർന്നു. എന്നാൽ സമസ്തയുമായുള്ള ഭിന്നത തിരഞ്ഞെടുപ്പിൽ ദോഷമായില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യു.ഡി.എഫ് 20 സീറ്റും നേടുമെന്നും യോഗം വിലയിരുത്തി.

സമസ്തയുമായി അസ്വാരസ്യങ്ങൾ തുടരുന്നതിനാലാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വിട്ടുനിന്നത്. ക്ഷണം ഉണ്ടായിട്ടും ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് സമസ്ത നേതാക്കളെ അറിയിക്കുകയായിരുന്നു. പാർട്ടി വർക്കിംഗ് കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി തങ്ങൾ പ്രതികരിക്കുകയും ചെയ്തു.

സുപ്രഭാതവുമായാണ്

പ്രശ്നം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സമസ്തയുമായും സമസ്ത നേതാക്കളുമായും ഭിന്നത ഇല്ലെന്നും എന്നാൽ സുപ്രഭാതം പത്രവുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ലീഗ് പ്രവർത്തകർക്ക് കൂടി ബന്ധമുള്ള പത്രമാണ്. അഭിപ്രായ വ്യത്യാസം സമസ്ത നേതാക്കളെ അറിയിച്ചിട്ടുണ്ട്. സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നത് ലീഗ് നേതൃയോഗം ഉള്ളതിനാലാണ്. പി.എം.എ സലാമിനെ ലീഗ് കൗൺസിലാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുറത്തു നിന്നുള്ളവർ ഇക്കാര്യം പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു.