കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിലും യു.ഡി.എഫ് ജയിക്കുമെന്നും മുസ്ലീം ലീഗ് മത്സരിച്ച മലപ്പുറത്തും പൊന്നാനിയിലും വൻ ഭൂരിപക്ഷം നേടുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് ഹൗസിൽ ചേർന്ന യോഗശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേന്ദ്ര -സംസ്ഥാന സർക്കാർ വിരുദ്ധ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സിപി.എം വടകരയിൽ ബി.ജെ.പിയുടെ തനി പകർപ്പായി . വടകരയിലുൾപ്പടെ സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ഉത്തരേന്ത്യയിൽ ബി.ജെ.പി പയറ്റുന്ന ഭിന്നിപ്പിന്റെ വർഗീയ രാഷ്ട്രീയം സി.പി.എം പ്രചരിപ്പിച്ചു. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയായത് മുതൽ വർഗീയ പ്രചാരണം ആരംഭിച്ചു. യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ പ്രചരിപ്പിച്ച കാഫിർ പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണം. ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിം ഇത്തരത്തിൽ പ്രചരിപ്പിച്ചെന്ന് പരാതി നൽകുകയും മൊബൈൽ ഫോൺ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തണം. സമാധാന ചർച്ചയ്ക്ക് യു.ഡി.എഫും ലീഗും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എന്നിവർ പങ്കെടുത്തു.