കോഴിക്കോട്: മഴയത്ത് കേടായ സ്‌കൂട്ടർ കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെ ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് (18) മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിയുടെ പ്രാഥമിക നിഗമനം പുറത്ത്.

കടയിലെ വയറിംഗിലും സർവീസ് വയറിലും ചോർച്ചയുണ്ടായിരുന്നെന്നാണ് കെ.എസ്.ഇ.ബിയുടെ നിരീക്ഷണം. ശക്തമായ മഴയും കാറ്റുമുള്ളപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മുകളിലെ മരച്ചില്ലകളിൽ തൊട്ട സർവീസ് വയർ തകരഷീറ്റിലും തട്ടിയെന്നാണ് നിഗമനം. രാത്രി കടയുടെ പുറത്ത് പ്രകാശിച്ചിരുന്ന ബൾബ് കണക്ട് ചെയ്‌ത വയറിലും ചോർച്ചയുണ്ടായിരുന്നു. ഇതിലൂടെയും തൂണിലേക്ക് വെെദ്യുതി പ്രവഹിച്ചതായി സംശയിക്കുന്നുണ്ട്.

തലേദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. റിജാസിന്റെ പോസ്റ്റുമോർട്ടം വിവരങ്ങൾ പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് ഇലക്ട്രിക് ഇൻസ്‌പെക്ടർ ചീഫ് ഇലക്ട്രിക് ഇൻസ്‌പെക്ട്രേറ്റിന് സമർപ്പിക്കും. പരിശോധനയ്ക്കുശേഷം സർവീസ് വയർ കെ.എസ്.ഇ.ബി അധികൃതർ മുറിച്ചുമാറ്റി. വയറിംഗ് പഴക്കമുള്ളതാണെന്ന ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റിന്റെ കണ്ടെത്തലിനെ തുടർന്ന് കടയിലെ വെെദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വയറിംഗ് പുതുക്കിയ ശേഷം സർവീസ് പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.

അതേസമയം പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഗാന്ധിനഗർ കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനിയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിട്ടത്. കേസ് ജൂൺ 25ന് പരിഗണിക്കും. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്.