ffff

കോഴിക്കോട്: സിനിമയിൽ ഏഴ് വർഷക്കാലമേ വിധുബാല സജീവമായിരുന്നുള്ളൂ. നാലര പതിറ്റാണ്ടോളമായി സിനിമയിൽ വേഷമിട്ടിട്ട്. പക്ഷേ ഇന്നും മലയാളിയുടെ നായികാ സങ്കൽപത്തിൽ വിധുബാലയുണ്ട്. എഴുപതിലേക്ക് കാലെടുത്തുവയ്ക്കുന്ന വിധുബാല

സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമാണ്.

കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപത്ത് സൈക്കോളജി ക്ലിനിക്ക് നടത്തുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുന്നതാണ് സന്തോഷമെന്നും അങ്ങനെ തുടങ്ങിയതാണ് വിധുബാല കൗൺസിലിംഗ് സെന്ററെന്നും അവർ പറഞ്ഞു. ഏറെ ഇഷ്ടമായതുകൊണ്ടാണ് സിനിമാ തിരക്കിനിടയിലും സൈക്കോളജിയിൽ ബിരുദം നേടിയത്.

' തന്റെ പ്രവർത്തനം കൊണ്ട് മറ്റൊരാൾക്ക് നല്ലതുവരുന്നത് കാണുമ്പോൾ സന്തോഷമാണ്. അത്തരത്തിലുള്ള പ്രവർത്തനങ്ങളിലാണ് മുഴുകുന്നത്. പിറന്നാൾ ദിനത്തിൽ പ്രത്യേകിച്ച് ആഘോഷ പരിപാടികളൊന്നുമില്ല. സാധാരണ എല്ലാ വർഷവും ഗുരുവായൂരിൽ പോയി തൊഴാറുണ്ട്. ഇത്തവണ അതിന് സാധിക്കില്ല.

സിനിമ അഭിനയത്തോട് വിടപറഞ്ഞത് സ്വന്തം തീരുമാനമായിരുന്നു. അക്കാര്യത്തിൽ ഇതുവരെ പ്രയാസം ഉണ്ടായിട്ടില്ല. സിനിമാ രംഗവുമായി ഇപ്പോൾ കാര്യമായ അടുപ്പമില്ല. ഇനി അഭിനയിക്കാനുമില്ല.

ഏറ്റവും അധികം പ്രാധാന്യം നൽകിയത് കുടുംബത്തിനാണ്. അത് അന്നും ഇന്നും അങ്ങനെയാണ്. കുടുംബം നന്നയാൽ സമൂഹം നന്നാവുമെന്ന് അവർ പറഞ്ഞു.

കുറഞ്ഞ കാലമേ സിനിമാരംഗത്ത് ഉണ്ടായിരുന്നുള്ളൂവെങ്കിലും ശംഖുപുഷ്പം, ആരാധന തുടങ്ങി നൂറോളം സിനിമയുടെ ഭാഗമായിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങി. പ്രശസ്ത മജീഷൻ പ്രൊഫസർ ഭാഗ്യനാഥിന്റെയും സുലോചനയുടെയും മകളായി 1954 മേയ് 24നാണ് ജനനം. അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങളിലൂടെയാണ് വളർന്നത്. ഇതിന്റെ ഭാഗമായാണ് സിനിമയിലെത്തിയത്തും. അച്ഛനും അമ്മയും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. പ്രശസ്തഛായാഗ്രാഹകൻ മധു അമ്പാട്ട് ഏകസഹോദരൻ. നൃത്തത്തിലും അച്ഛന്റെ മാജിക് ഷോകളിലും സജീവമായിരുന്നു.

 എട്ടാം വയസിൽ സിനിമയിൽ

1964 ൽ ബാലതാരമായി എട്ടാം വയസിൽ സിനിമയിലെത്തി. സ്കൂൾ മാസ്റ്ററായിരുന്നു സിനിമ. 1973 - 80 കാലഘട്ടത്തിലാണ് സിനിമയിൽ സജീവമായതും നായികാ പദവിയിലെത്തിയതും. അന്നത്തെ സൂപ്പർ താരങ്ങളായ പ്രേംനസീറിനും സത്യനും പിന്നീട് കമലഹാസനുമൊപ്പമെല്ലാം അഭിനയിച്ചു. ഇക്കലയളവിൽ വിദ്യാഭ്യാസവും മുന്നോട്ടു നീങ്ങി. ഭൂമിദേവി പുഷ്പിണിയായി, കോളേജ്‌ ഗേൾ, പ്രവാഹം, ഉമ്മാച്ചു, അഭിനന്ദനം, സർപ്പം, പിച്ചിപ്പൂ, ഞാവല്‍പ്പഴങ്ങൾ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് തന്നെ അഭിനയം നിറുത്തിയിരുന്നു.1981ലാണ് അവസാന സിനിമയായ അഭിനയത്തിൽ അഭിനയിച്ചത്. ജയനായിരുന്നു നായകൻ. വിവാഹശേഷം കോഴിക്കോട് സ്ഥിരതാമസമായി. നിർമ്മാതാവും തിയേറ്റർ ഉടമയുമായ മുരളി കുമാറാണ് ഭർത്താവ്. അർജുൻ കൃഷ്ണയാണ് മകൻ. ടെലിവിഷൻ രംഗത്ത് അടുത്തകാലം വരെ സജീവമായിരുന്നു. 2010 മുതൽ 2020 വരെ അമൃത ടി.വിയിൽ സംപ്രേക്ഷണം ചെയ്ത കഥയല്ലിത് ജീവിതമെന്ന് ഷോ അവതരിപ്പിച്ചു.