1

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവ് മരിച്ചനിലയിൽ കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് പറമ്പംകണ്ടത്തിൽ യൂസഫ് (21) ആണ് മരിച്ചത്. കൊടുവള്ളി എസ്.ബി.ഐയ്ക്ക് സമീപത്തെ കെട്ടിടത്തിലാണ് ഇന്നലെ രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെനിലയിൽ തല തറയിലിടിച്ച് രക്തം വാർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ ചെരിപ്പും കുടയും കെട്ടിടത്തിൽ അഴിച്ചുവച്ച നിലയിൽ കണ്ടെത്തി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മോഷണ ശ്രമത്തിനിടെ വീണ് മരിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. സയന്റിഫിക്, ഡോഗ് സ്‌ക്വാഡ് ടീമുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. പിതാവ്: പരേതനായ ഹംസ. മാതാവ്: ആയിശ. സഹോദരങ്ങൾ: സിദ്ധീഖ്, സുലൈഖ, സൈനബ, ലത്തീഫ്, മറിയ, ജാഫര്‍, ഖദീജ.