കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനായി കോഴിക്കോട് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കീഴിൽ മടവൂർ നഴ്‌സറിയിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള 40,000 വൃക്ഷത്തൈകൾ റെഡി. ഇവ ജൂൺ ആദ്യവാരം മുതൽ വിതരണം ചെയ്യും. നെല്ലി, കണിക്കൊന്ന, പേര, സീതപ്പഴം, മണിമരുത്, പൂവരശ്, മന്ദാരം, കൂവളം, രക്തചന്ദനം, വേങ്ങ, ഉങ്ങ്, തേക്ക്, ഇലഞ്ഞി, നീർമരുത്, ഉറുമാമ്പഴം, ചന്ദനം മുതലായവയുടെ കൂടത്തൈകൾ വിതരണത്തിനായി തയാറായിട്ടുണ്ട്. പരിസ്ഥിതി ദിനത്തോടും വനമഹോത്സവത്തോടുമനുബന്ധിച്ച് ജൂൺ അഞ്ച് മുതൽ ജൂലൈ ഏഴ് വരെ തൈകൾ വച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ/സർക്കാർ സ്ഥാപനങ്ങൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ/കഴിഞ്ഞ മൂന്നു വർഷമായി വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്ന മറ്റു സർക്കാരിതര സംഘടനകൾ മുതലായവർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, വനശ്രീ കോംപ്ലക്‌സ്, മാത്തോട്ടം, കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടണം.