കോഴിക്കോട്: മഴയെത്തിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അവശ്യസർവീസ് വാഹനങ്ങൾക്കു പോലും കടന്നുപോകാൻ പറ്റാത്ത തരത്തിലാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. പകലും രാത്രിയിലും ദീർഘദൂര ബസുകൾ ഉൾപ്പെടെ വഴിയിൽ കാത്തു കിടക്കുന്ന അവസ്ഥയാണ്. മഴ പെയ്തതോടെ നഗരം വെള്ളക്കെട്ടിൽ മുങ്ങിയതും വാഹനങ്ങൾക്ക് റോഡിൽ നിന്ന് അനങ്ങാൻ പറ്റാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. സ്കൂൾ തുറക്കുന്നത് അടുത്തതോടെ നിരവധി പേരാണ് വാഹനങ്ങളുമായി നഗരത്തിലേക്കെത്തുന്നത്. ഇത് നഗരത്തെ ഒന്നു കൂടി വീർപ്പുമുട്ടിക്കുകയാണ്. നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിൽ സിഗ്നലുകൾ ഇല്ലാത്തതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയാണ്.
പലയിടത്തും ജംഗ്ഷനുകളിൽ വാഹനം നിയന്ത്രിക്കുന്നത് പൊലീസുകാരാണ്. എന്നാൽ മുഴുവൻ സമയം ഇവരുടെ സേവനമില്ലാത്തതും കാര്യങ്ങൾ വഷളാക്കുന്നു. പല സമയത്തും യാത്രക്കാർ തമ്മിലുള്ള കെെയേറ്റത്തിനും കാരണമാകാറുണ്ട്. റോഡ് വികസനം ഇഴഞ്ഞുനീങ്ങുന്നതാണ് നഗരവുമായി ബന്ധപ്പെട്ട ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്കുണ്ടാകാൻ മറ്റൊരു പ്രധാന കാരണം.
കാരപ്പറമ്പ് ജംഗ്ഷനിലാണ് കൂടുതൽ സമയം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ബാലുശ്ശേരി റൂട്ടിലോടുന്ന ലൈൻ ബസുകളും മറ്റ് ആയിരക്കണക്കിന് സ്വകാര്യവാഹനങ്ങളും കടന്നുപോകുന്ന കാരപ്പറമ്പ് ജംഗ്ഷനിൽ സിഗ്നൽ സംവിധാനം കാര്യക്ഷമമല്ല. സ്വകാര്യബസുകളും ലോറികളും നിരന്തരം കടന്നുപോകുന്ന ഇവിടെ പലപ്പോഴും അപകടങ്ങളും പതിവാണ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും പ്രശ്നത്തിന് കാരണമാവുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാല് ആശുപത്രികൾ സമീപപ്രദേശങ്ങളിലുണ്ട്. ഇവിടെ നിന്നുള്ള ആംബുലൻസുകളും ഗതാഗതക്കുരുക്കിൽപ്പെടുന്നതും നിത്യസംഭവമാണ്. ഇവിടെ ഫ്‌ളൈ ഓവർ നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബാലുശ്ശേരി റോഡ് വീതികൂട്ടുകയാണ് മറ്റൊരു പരിഹാരമാർഗം. എന്നാൽ ഇതുവരെ അതിന് നടപടിയായിട്ടില്ല. നാലുവർഷം മുമ്പ് സർവേയും മറ്റും നടത്തിയിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
വേങ്ങേരി ജംഗ്ഷനിലും സമാനമായ ഗതാഗതക്കുരുക്ക് അനുഭവിക്കുകയാണ് യാത്രക്കാർ. ഇവിടെ ഓവർപാസ് നിർമിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയാകട്ടെ ഇഴഞ്ഞുനീങ്ങുകയാണ്. ബാലുശ്ശേരി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങളാണ് ഇവിടെ കുരുങ്ങിക്കിടക്കുന്നത്. 2003 ഏപ്രിൽ മൂന്നിനാണ് ഇവിടെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. ജംഗ്ഷനിൽ ഗതാഗതനിയന്ത്രണം ഉള്ളതിനാൽ സമീപത്തെ ചെറുറോഡുകളിലൂടെയാണ് വാഹനങ്ങളുടെ യാത്ര.
@ നോ സിഗ്നൽ ഏരിയ
കാരപ്പറമ്പ് ജംഗ്ഷൻ, മീഞ്ചന്ത ബൈപ്പാസ്, മാങ്കാവ്, പുതിയ സ്റ്റാൻഡ് സ്റ്റേഡിയം ജംഗ്ഷൻ, അരയിടത്തുപാലം, വേങ്ങേരി ജംഗ്ഷൻ
അപകടങ്ങളും പതിവ്
കോഴിക്കോട്: മഴക്കാലം തുടങ്ങിയതോടെ റോഡപകടങ്ങളും തുടർക്കഥയാവുകയാണ്. റോഡിൽ തെന്നി വീണുള്ള അപകടങ്ങളും വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയുള്ള അപകടങ്ങളുമാണ് പ്രധാനമായും സംഭവിക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മിക്കയിടത്തും ദേശീയപാതകളുടെ ജോലി നടക്കുന്നതിനാൽ ഗ്രാമപ്രദേശങ്ങളിൽ റോഡുകൾ വീതി കൂട്ടി പുതുക്കിപ്പണിയുന്നുണ്ട്. ഇതിനുപുറമെയാണ് ജലജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടലും വാതക പൈപ്പ് ലൈൻ സ്ഥാപിക്കലും. ഇവയ്ക്കെല്ലാമായി റോഡുകൾ പൊളിച്ചിട്ടതോടെ മഴയിൽ ദുരിതം ഇരട്ടിയായി. ചെളി നിറഞ്ഞ് നിൽക്കുന്ന ഈ റോഡുകളിലൂടെയുള്ള വാഹനയാത്ര തീർത്തും ദുഷ്ക്കരമാണ്. മണ്ണ് ഇളകിപോയി വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ്, ലോറി ഉൾപ്പെടെയുള്ളവയ്ക്ക് വലിയ പ്രശ്നമില്ലെങ്കിലും ചെറിയ വാഹനങ്ങൾ തെന്നി വീഴുന്നത് പതിവാകുകയാണ്. വാഹനങ്ങൾക്ക് കൂടാതെ പ്രവൃത്തികൾക്കായി ഇറക്കിയ നിർമ്മാണ സാമഗ്രികൾ സമീപത്ത് തന്നെ കൂട്ടിയിട്ടതും അപകടത്തിന് വഴിയൊരുന്നുണ്ട്.
@ അപകടകാരണങ്ങൾ
1. ചാറ്റൽമഴ മൂലം റോഡിലുണ്ടാവുന്ന വഴുവഴുപ്പും ചെളിയും
2. മഴ മൂലമുള്ള കാഴ്ച മങ്ങൽ
3 വെളിച്ചക്കുറവ്
4. വാഹനങ്ങളുടെ കാലപ്പഴക്കം
5. റോഡുകളുടെ ഗുണമേന്മയില്ലായ്മ