train

കോഴിക്കോട്: ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ലോക്കോ പെെലറ്റുമാർ സമരത്തിലേക്ക്. ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ ഒന്നുമുതൽ അധികജോലിസമയം ബഹിഷ്‌കരിച്ച് സമരത്തിന് ഒരുങ്ങുകയാണ് ലോക്കോ പൈലറ്റുമാർ. ജോലിസമയം പത്ത് മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ് സ്വയം നടപ്പാക്കാനാണ് ലോക്കോ പൈലറ്റുമാരുടെ തീരുമാനം.

ലോക്കോ പൈലറ്റുമാർക്ക് ആഴ്ചയിൽ 46 മണിക്കൂർ വിശ്രമം വേണമെന്നതടക്കമുള്ള ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ല.

പന്ത്രണ്ട് മണിക്കൂറാണ് സാധാരണ ജോലിസമയം. എന്നാൽ മിക്കദിവസവും തുടർച്ചയായി 16 മണിക്കൂർ വരെ ജോലിയെടുക്കേണ്ടിവരുന്നുണ്ട്. പത്തുമണിക്കൂർ തുടർച്ചയായി ജോലി കഴിഞ്ഞാൽ വിശ്രമസമയം അനുവദിക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.

ഡ്യൂട്ടിക്ക് ആളില്ലെന്ന കാരണത്താൽ ആഴ്ചയിലെ അവധിയും നിഷേധിക്കുകയാണ്. തുടർച്ചയായി രണ്ട് നെെറ്റ് ഡ്യൂട്ടി മാത്രമേ പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാൽ നാല് നെെറ്റ് ഡ്യൂട്ടി വരെ എടുക്കേണ്ടി വരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് കടുത്ത സമ്മർദ്ദത്തിലാക്കുന്നെന്നും അത് യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും ലോക്കോ പൈലറ്റുമാർ പറയുന്നു.

1. തുടർച്ചയായി 10 മണിക്കൂറിൽ കൂടുതൽ ജോലി പാടില്ല

2. ആഴ്ചയിൽ 46 മണിക്കൂർ വിശ്രമം അനുവദിക്കുക

3. തുടർച്ചയായുള്ള നൈറ്റ് ഡ്യൂട്ടി രണ്ടാക്കി ചുരുക്കുക

' ലോക്കോ പെെലറ്റുമാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്''

സി. ഇ. ചാക്കുണ്ണി

ദേശീയ വർക്കിംഗ് ചെയർമാൻ,

കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ

റെയിൽ യൂസേഴ്സ് അസോസിയേഷൻ