കോഴിക്കോട്: വെട്ടിപ്പൊളിച്ചിട്ട റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് അത്തോളി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജൽജീവൻ മിഷൻ അസി. എൻജിനിയർ ഷബീർ, രണ്ട് ഓവർസിയർമാർ എന്നിവരെ ഓഫീസിൽ പൂട്ടിയിട്ടു. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മിഷൻ ഓഫീസും പ്രവർത്തിക്കുന്നത്. പ്രസിഡന്റ് ബിന്ദുരാജൻ, വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അത്തോളി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ജൽജീവൻ പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡുകൾ ശരിയാക്കാത്തതു മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. മഴ പെയ്തതോടെ അപകടങ്ങളും വർദ്ധിച്ചു. നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഇന്നലെ രാവിലെ ഭരണസമിതി അംഗങ്ങൾ ഓഫീസ് ഉപരോധിച്ചതും ഉദ്യോഗസ്ഥരെ പൂട്ടിയിട്ടതും. അത്തോളി എസ്.ഐ സുരേഷ് കുമാർ നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.