@ വടകര, കോഴിക്കോട് വോട്ടെണ്ണൽ ജെ.ഡി.ടിയിൽ
കോഴിക്കോട്: ജൂൺ നാലിന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്ലാം എഡ്യുക്കേഷൻ കോംപ്ലക്‌സിലാണ് കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ. വടകര ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലും ഇവിടെ നടക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി സെന്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
ആദ്യം തപാൽ വോട്ട്
രാവിലെ 6.30ന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. ഹോം വോട്ടിംഗ്, ഇ.ടി.പി.ബി.എസ് (സർവീസ് വോട്ടുകൾ), ഉദ്യോഗസ്ഥരുടെ വോട്ടുകൾ എന്നിവയടക്കം അഞ്ച് വിഭാഗങ്ങളിലെ വോട്ടുകളാണ് തപാൽ വോട്ടിൽ വരുന്നത്. കേന്ദ്രീകൃത രീതിയിൽ ഓരോ ലോക്‌സഭ മണ്ഡലത്തിലും 30 വീതം ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുക. ഒരു ടേബിളിൽ 500 വോട്ടുകൾ വരെ എണ്ണും. കോഴിക്കോട് , വടകര മണ്ഡലത്തിൽ 29,000ത്തിലേറെ തപാൽ വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്.
ഇ.വി.എം വോട്ടെണ്ണൽ
തപാൽ വോട്ടുകൾക്കു ശേഷം 8.30 ഓടെ ഇ.വി.എം വോട്ടുകൾ എണ്ണാൻ തുടങ്ങും. ഇതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാൾ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. 14 ടേബിളുകൾ എണ്ണിക്കഴിഞ്ഞശേഷം ഒരു ടേബിൾ വി.വി.പാറ്റ് മെഷീനുകൾ എണ്ണാനായി ഉപയോഗിക്കും.
വോട്ടണ്ണൽ റൗണ്ട്
ഒന്ന് മുതൽ 14 വരെ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകൾ ആണ് ആദ്യ റൗണ്ടിൽ എണ്ണുക. 15 മുതൽ 28 വരെ പോളിംഗ് സ്റ്റേഷനുകൾ രണ്ടാം റൗണ്ട്, 29 മുതൽ 42 വരെ പോളിംഗ് സ്റ്റേഷനുകൾ മൂന്നാം റൗണ്ട് എന്നീ ക്രമത്തിൽ വോട്ടെണ്ണൽ പുരോഗമിക്കും. ഓരോ റൗണ്ട് വോട്ടെണ്ണലും പൂർത്തിയായാൽ ലീഡ് നില അറിയിക്കും.
കനത്ത സുരക്ഷ
മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ സംസ്ഥാന പൊലീസിനും രണ്ടാം ഗേറ്റ് മുതൽ സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷാ ചുമതല. സ്‌ട്രോങ്ങ് റൂം, കൗണ്ടിംഗ് ഹാളിന്റെ പ്രവേശന കവാടം എന്നിവിടങ്ങളിൽ കേന്ദ്ര ആംഡ് പൊലീസ് സുരക്ഷയൊരുക്കും.