ന്യൂഡൽഹി: കൊടുംചൂടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി പൊലീസിലെ മലയാളി എ.എസ്.ഐ മരിച്ചു. കോഴിക്കോട് വടകര ചോറോട് പഞ്ചായത്ത് മാങ്ങാട്ടുപാറ സ്വദേശി കെ. ബിനീഷ് (ലാലു-49) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്. കൊടുംചൂടിനിടെ ചൊവ്വാഴ്ച വസീറാബാദ് പൊലീസ് പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ക്ലാസിൽ പങ്കെടുത്ത ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് കുടുംബാംഗങ്ങളും സഹപ്രവർത്തകരും ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.
1995 ബാച്ചിലെ പൊലീസുകാരനായിരുന്ന ബിനീഷിന് അടുത്തിടെയാണ് എ.എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. സ്ഥാനക്കയറ്റത്തിന് ശേഷമുള്ള പരിശീലനത്തിനാണ് വസീറാബാദിലെ ട്രെയിനിംഗ് സെന്ററിലെത്തിയത്. അവിടെ കൊടുംചൂടിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഹാളിൽ സംഘടിപ്പിച്ച ക്ലാസിൽ ഇരിക്കവെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഡൽഹിയിൽ 492 ഹസ്ത്സാൽ വികാസ്പുരി ഡി.ഡി.എ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ: ലിജ ബിനീഷ്. മക്കൾ: ലിബിൻ ലാൽ, ഐശ്വര്യ. മൃതദേഹം കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സോസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കും. ഇന്ന് വടകര ചൊറോട് ഈസ്റ്റ് കാട്ടിൽ ഹൗസ് വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ നടക്കും.