കോഴിക്കോട്: ചെറുധാന്യങ്ങളുടെ (മില്ലെറ്റ്‌സ്) വൈവിദ്ധ്യം, ഗുണഗണങ്ങൾ എന്നിവ അവതരിപ്പിക്കുന്ന 'മാജിക്കൽ മില്ലെറ്റ്‌സ്' എന്ന ഡോക്യുമെന്ററി റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള സ്വയംഭരണപ്രദേശമായ ഖാന്തിമാൻസിയിൽ നടക്കുന്ന ഇന്റർനാഷണൽ ഇക്കോളജിക്കൽ ടി.വി ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് വള്ളിക്കോട് ക്യാമറയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെന്ററി അട്ടപ്പാടി, കമ്പം, തേനി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ഖാന്തി മാൻസി സർക്കാരിന്റെ കീഴിലുള്ള ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തുന്ന ഇരുപത്തെട്ടാമത് ഇന്റർനാഷണൽ ഇക്കോളജിക്കൽ ടി.വി.ഫെസ്റ്റിവലാണ് ഇത്തവണ. ജൂൺ നാലുമുതൽ ആറുവരെ നടക്കുന്ന മേളയിലേക്ക് സന്തോഷ് വള്ളിക്കോടിന് പുറമേ ഡോക്യുമെന്ററിയുടെ അവതാരകനായ അരുൺ പൊയ്യേരിയേയും ക്ഷണിച്ചിട്ടുണ്ട്.