minnal
കോഴിക്കോട് സൗത്ത് ബീച്ചിൽ ഇന്നലെയുണ്ടായ ഇടിമിന്നലേറ്റ് ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവരെ ഡോക്ടർമാർ പരിശോധിക്കുന്നു. ഫോട്ടോ: രോഹിത്ത് തയ്യിൽ

□എല്ലാവരും നിരീക്ഷണത്തിൽ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ടു പേർക്ക് ഇടിമിന്നലേറ്റു. പരിക്കേറ്റവരെ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുള്ളവർ വാർഡുകളിലും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണത്തിലുള്ളവർക്ക് അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാവുമെന്നും അധികൃതർ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് നഗരത്തിൽ ശക്തമായ ഇടിമിന്നലുണ്ടായത്. സൗത്ത് ബീച്ച് തലനാർ തൊടുക ദിയാ മൻസിലിൽ ടി.ടി. സലീം (40), മകൻ മുഹമ്മദ് ഹനീൻ (17), തലനാർതൊടുക മുനാഫ് (53), സൗത്ത് ബീച്ച് നാലകംപറമ്പ് സ്വദേശികളായ എൻ.പി സുബൈർ (55), ജംഷീർ (34), അബ്ദുൽ ലത്തീഫ് എന്ന ബിച്ചു (54), പരപ്പിൽ സ്വദേശി അഷ്റഫ് (45), പുതിയങ്ങാടി സ്വദേശി ഹാജിയാരകത്ത് ഷെരീഫ് (37), എന്നിവർക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ പുകയില കൃഷിക്ക് കൊണ്ടുപോകാനായി കടൽവെള്ളം ലോറിയിലുള്ള ബാരലിൽ നിറയ്ക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളികൾ കൂടിയായ മനാഫിനും അബ്ദുൾ ലത്തീഫിനും സുബൈറിനും ജംഷീറിനും അഷ്റഫിനും പരിക്കേറ്റത്.

ലോറിയിൽ നിരത്തി വച്ച ബാരലിന് മുകളിൽ നിൽക്കുകയായിരുന്ന അബ്ദുൽലത്തീഫ് മിന്നലേറ്റ ഉടൻ തെറിച്ചുവീണു.പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. പലർക്കും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ദ്ധ പരിശോധന നടത്തി. കക്ക വിൽപന നടത്തുന്നതിനിടെയാണ് ഹനീന് മിന്നലേറ്റത്. കക്ക വാങ്ങാനെത്തിയതായിരുന്നു ഷെരീഫ്.