വടകര: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ വടകരയിലെ കാഫിർ പ്രയോഗത്തിൽ മുൻ എം.എൽ.എ കെ. കെ. ലതികയുടെ മൊഴി വടകര പൊലീസ് രേഖപ്പെടുത്തി. വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരെ യു.ഡി.എഫ് കാഫിർ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് ഈ പ്രയോഗം ഉൾപ്പെടുന്ന വാട്ട്സ് അപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് തിരഞ്ഞെടുപ്പിന് മുമ്പ് കെ.കെ. ലതിക സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്ക്രീൻ ഷോട്ട് വലിയ വിവാദമായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്. എന്നാലിത് വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് കാസിം പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തുടർച്ചയായി സമരരംഗത്താണ്.