milma
മിൽമ

കോഴിക്കോട്: മിൽമ ക്ഷീര കർഷകർക്ക് അധിക പാൽവിലയും കാലിത്തീറ്റ സബ്‌സിഡിയുമായി അടുത്ത മൂന്നു മാസത്തിനുള്ളിൽ 17കോടി രൂപ നൽകാൻ മലബാർ മേഖല യൂണിയൻ ഭരണ സമിതി തീരുമാനിച്ചു.

ലോക ക്ഷീര ദിനമായ ഇന്നു മുതൽ മൂന്ന് മാസക്കാലയളവിൽ ആനന്ദ് മാതൃക ക്ഷീര സംഘങ്ങൾ വഴി സംഭരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപയാണ് അധികമായി നൽകുക. ഈ ഇനത്തിൽ 12കോടി രൂപ മലബാറിലെ ക്ഷീര കർഷകരിലേക്കെത്തും. ഓരോ പത്തു ദിവസവും പാൽവിലയോടൊപ്പം വർധിപ്പിച്ച അധിക പാൽവിലയും നൽകുന്നതിനായി ക്ഷീര സംഘങ്ങൾക്ക് കൈമാറും. 45.95 രൂപയാണ് ഒരു ലിറ്റർ പാലിന് നിലവിൽ നൽകുന്ന ശരാശരി വില. ഇത് 47.95 രൂപയായി വർദ്ധിക്കും.

ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്കൊന്നിന് 250 രൂപ വീതവും ടി.എം.ആർ കാലിത്തീറ്റയുടെ 50 കിലോ ചാക്കൊന്നിന് 50 രൂപ വീതവും സബ്‌സിഡി നല്കും. ഈയിനത്തിൽ അഞ്ച് കോടി രൂപ കർഷകർക്ക് ലഭിക്കും. നിലവിൽ 1420 രൂപ വിലയുള്ള മിൽമ ഗോമതി കാലിത്തീറ്റ സബ്‌സിഡി കിഴിച്ച് 1170 രൂപയ്ക്കാണ് ലഭിക്കുക. 2019ൽ ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ വില 1174 രൂപയായിരുന്നു. അതിനേക്കാളും കുറഞ്ഞ വിലയിലാണ് നൽകാൻ പോകുന്നത്.

മലബാറിലെ ഒരു ലക്ഷത്തോളം ക്ഷീര കർഷകരും 1200 ഓളം ആനന്ദ മാതൃകാ ക്ഷീര സംഘങ്ങളും ഈ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണ്. അധിക പാൽവിലയും കാലിത്തീറ്റ സബ്‌സിഡിയും നൽകി പുതുചരിത്രം സൃഷ്ടിക്കുകയാണ് മലബാർമിൽമ. പാലുത്പാദന ചെലവ് കുറച്ച് കർഷക ക്ഷേമം ഉറപ്പാക്കുക എന്നതാണ് മലബാർ മിൽമ ലക്ഷ്യമാക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് എന്നിവർ അറിയിച്ചു.