വൈക്കം: കത്തുന്ന ചൂടും ജലദൗർലഭ്യവും മൂലം പച്ചക്കറി ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായി.വൻ തുക മുടക്കി ഭൂമിയൊരുക്കി കൂറ്റൻ പന്തലൊരുക്കി കൃഷിയിലേർപ്പെട്ട കർഷകർ കടുത്ത ചൂടും മഴയില്ലായ്‌മയും മൂലം വലയുകയാണ്.
ചൂട്കൂടിയതോടെ കായ്ച്ചു തുടങ്ങിയ പച്ചക്കറികൾ നശിക്കുകയാണ്. പാവൽ, പടവലം കൃഷിയുടെ പൂക്കളും കായ്കളുമൊക്കെ കരിഞ്ഞുണങ്ങുകയും പൊഴിയുകയും ചെയ്യുന്നു. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ബാങ്കിൽ നിന്നു വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്‌ക്കെടുത്തുമൊക്കെ കൃഷിയിലേർപ്പെട്ടവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന നിലയിലാണ്. വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് ലഭിക്കുന്നില്ല. നാടൻ പയറിന് കിലോയ്ക്ക് തുടക്കത്തിൽ 80 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 60രൂപയായി. പാവയ്ക്ക കിലോയ്ക്ക് 65 രൂപയും പടവലം, വഴുതന തുടങ്ങിയവയ്ക്ക് കിലോയ്ക്ക് 35 രൂപയും ലഭിക്കുന്നുണ്ട്.
സർക്കാർ സഹായിക്കണം
കടുത്ത ചൂടിൽ കൃഷി നാശം നേരിടുന്ന കർഷകർക്ക് കൃഷി പുനരാംഭിക്കാൻ സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ജോയിയെപ്പോലെ ഒത്തിരിപ്പേർ!
കാലാവസ്ഥ പ്രതികൂലമായിട്ടും കൃഷിയല്ലാതെ മറ്റൊന്നും ജീവനോപാധിയായി ഇല്ലാത്ത വെച്ചൂർ ഇടയാഴം വലിയമംഗലത്ത് ജോയി.വി. മാത്യു വെച്ചൂരും വൈക്കത്തുമായി പാട്ടത്തിനെടുത്ത അഞ്ച് പുരയിടങ്ങളിലായി അഞ്ചര ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയിട്ടുണ്ട്. പഴം പച്ചക്കറി കർഷകനായ ജോയി പാട്ടഭൂമിയിൽ നൂറുമേനി വിളയിച്ചെങ്കിലും ചൂട് കൂടി ശുദ്ധജലം ലഭിക്കാതായതോടെ പച്ചക്കറി കൃഷി കരിഞ്ഞുണങ്ങുകയാണ്. സ്വന്തമായി 13 സെന്റ് സ്ഥലം മാത്രമുള്ള ജോയി കഴിഞ്ഞ 24 വർഷമായി പഴം, പച്ചക്കറി കൃഷി ചെയ്തു വരികയാണ്.
വെച്ചൂർ ഇടയാഴത്ത് കൃഷിഭവനടുത്തും തോട്ടാപ്പള്ളി, ഇടയാഴം ഹെൽത്ത് സെന്ററിനു സമീപവും വൈക്കത്ത് തോട്ടുവക്കം, ദളവാക്കുളം ബസ് ടെർമിനലിന് സമീപവുമാണ് ജോയി കൃഷിയിറക്കിയത്. ഓണവിപണിയാണ് പ്രധാനലക്ഷ്യം.