almaram-acid
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആല്‍മരത്തിന്റെ വേരുകള്‍ വെള്ളം ഒഴിച്ച് കഴുകുന്നു.

ചങ്ങനാശേരി : അരുത് ഞങ്ങളുടെ തണൽ ഇല്ലാതെ ആക്കരുത്...ചങ്ങനാശേരി ജനറൽ ആശുപത്രി റോഡിലെ 1​ാം നമ്പർ ഓട്ടോസ്​റ്റാന്റിലെ തൊഴിലാളികൾ വലിയ വേദനയോടെയാണ് കൊടും ചൂടിൽ തങ്ങളുടെ ആശ്രയമായ ആൽമരത്തിന്റെ വേരുകളിൽ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച ക്രൂരതയോട് പ്രതികരിച്ചത്.

കരിങ്കൽകെട്ടിനിടയിൽ ഞെങ്ങിഞെരുങ്ങി വളർന്നു തണലേകുന്ന ആൽമരം. കൂടെ ഓരം ചേർന്ന് വളരുന്ന ബദാമും കണിക്കൊന്നയും. കഴിഞ്ഞ 20 വർഷത്തിലേറെയായി നാട്ടുകാർക്ക് തണലേകുന്ന ആൽ മരത്തിന്റെ വേരിലാണ് ബുധനാഴ്ച രാത്രി വലിയ തോതിൽ ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായത്.

വ്യാഴാഴ്ച രാവിലെയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ മരത്തിന്റെ വേരുകളിൽ ആസിഡ് ഒഴിച്ചത് കണ്ടത്. ഉടൻ തന്നെ സ്വന്തം പോക്ക​റ്റിൽ നിന്ന് പണം മുടക്കി ആയിരം ലി​റ്റർ വെള്ളം വാങ്ങി മരത്തിന്റെ ചുവട് വൃത്തിയായി കഴുകി. തുടർന്ന് ഫോറസ്​റ്റ് ഡിപ്പാർട്ട്‌മെന്റിൽ പരാതിപെട്ടപ്പോൾ പ്രതിവിധിയായി മരുന്ന് എത്തിക്കാം എന്ന് അറിയിച്ചു. മുമ്പും തണൽ മരങ്ങൾ നശിപ്പിക്കാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം ഉണ്ടായപ്പോൾ ഓട്ടോറിക്ഷ തൊഴിലാളികൾ അത് തടഞ്ഞിരുന്നു. വഴിയോരങ്ങളിൽ തണൽമരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഫോറസ്​റ്റ് വകുപ്പിന്റ അനുമതിയോടെ 28 വർഷങ്ങൾക്കു മുമ്പാണ് ചങ്ങനാശ്ശേരിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഇവിടെ മരങ്ങൾ വെച്ച് പിടിപ്പിച്ചത്.വർഷങ്ങളായി ഈ മരങ്ങൾ ഓട്ടോറിക്ഷ തൊഴിലാളികൾ സംരക്ഷിച്ചു പോരുകയായിരുന്നു.മരങ്ങൾ നശിപ്പിക്കുന്നതിന്ശ്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി പൊലീസിലും ഫോറസ്​റ്റ് വകുപ്പിലും ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതി നൽകിയിട്ടുണ്ട്.


ഈ കൊടും ചൂടിൽ നിരവധിയാളുകൾക്ക് തണലേകുന്ന മരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ പരാതി നൽകിയിട്ടുണ്ട്.

ടി.പി അജികുമാർ (ജില്ലാ സെക്രട്ടറി,ടാക്സി&ലൈ​റ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ)