കോട്ടയം: ഉമ വേദിയിൽ പറഞ്ഞ പൂവിന്റെ പേരും സജീവ് പറഞ്ഞ നിറവും ലെനിൻ പറഞ്ഞ സംഖ്യയും അതിനും മിനിട്ടുകൾക്ക് മുമ്പ് സദസിൽ വച്ച പെട്ടിയിൽ പ്രവചനമായി കുറിച്ചിട്ട് സദസിനെ വിസ്മയത്തിലാറാടിച്ച് മജീഷ്യൻ കണ്ണൻമോൻ. കേരളകൗമുദി കുടുംബസംഗമത്തോടനുബന്ധിച്ചാണ് മജീഷ്യൻ കണ്ണൻമോന്റെ മാജിക്ക് ഷോ അരങ്ങേറിയത്. ആദ്യം മജീഷ്യൻ സദസിനിടയിലേക്ക് ചെറിയൊരു പെട്ടി കൊണ്ടുപോയി വച്ചു. തുടർന്ന് മൂന്ന് പേരെ വേദിയിലേക്ക് വിളിച്ചുകയറ്റി. ഇതിൽ ഉമാ രാഹുലിനോട് ഇഷ്ടമുള്ള പൂവിന്റെ പേരും സജീവ് കൂട്ടുമ്മലിനോട് ഇഷ്ടമുള്ള നിറവും എ.ആർ.ലെനിൻമോനോട് ഇഷ്ടമുള്ള സംഖ്യയും എല്ലാവരും കേൾക്കെ പറയാൻ കണ്ണൻമോൻ ആവശ്യപ്പെട്ടു. ഉമ മുല്ലപ്പൂവും സജീവ് നീലനിറവും ലെനിൻ 49 എന്ന സംഖ്യയും സദസിനോടായി പറഞ്ഞു. ഇതിനുശേഷം സദസിലിരുന്ന പെട്ടി വേദിയിലേക്ക് കൊണ്ടുവന്ന് തുറന്നപ്പോൾ അതിലൊരു പേപ്പറും ചില കുറിപ്പുകളും. കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാറിനോട് പേപ്പറിലെ കുറിപ്പുകൾ വായിക്കാൻ മജീഷ്യൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞതും പെട്ടിക്കുള്ളിലെ കുറിപ്പിൽ എഴുതിയും ഒന്നുതന്നെ. പിന്നെ കണ്ണൻമോന്റെ വിസ്മയ പ്രകടനത്തിന് കാണികളുടെ നിലയ്ക്കാത്ത കയ്യടി. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ മനസിൽ ഓർത്ത വാക്ക് പരസ്യപ്പെടുത്തിയും ശൂന്യമായ പാത്രത്തിൽ നിന്ന് മിഠായി പ്രത്യക്ഷപ്പെടുത്തിയുമൊക്കെ കണ്ണൻമോൻ വേദിയിൽ അത്ഭുതം തീർത്തു. കേരളകൗമുദിയുടെ ഉപഹാരം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് കണ്ണൻമോന് സമ്മാനിച്ചു.
കേരളകൗമുദി റിപ്പോർട്ടർ ആർ.സുനിൽകുമാറിന്റെയും (സുനിൽ പാലാ) അദ്ധ്യാപികയായ ശ്രീജയുടെയും മകനായ എസ്.അഭിനവ് കൃഷ്ണ എന്ന മജീഷ്യൻ കണ്ണൻമോൻ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇതിനോടകം 500ൽപരം വേദികളിൽ മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്.