market

പൊൻകുന്നം : കനത്തചൂടിൽ മലയോരം ഉരുകുമ്പോൾ കൈനീട്ടംപോലും വിൽക്കാനാകാതെ വ്യാപാരികൾ. കാഞ്ഞിരപ്പള്ളി,​ പൊൻകുന്നം,​ വാഴൂർ മേഖലകളിൽ കച്ചവടസ്ഥാപനങ്ങളിലേക്ക് ആരും എത്തുന്നില്ലെന്നാണ് വ്യാപാരികളുടെ പരിഭവം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ അത്യാവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്ന സർക്കാർ നിർദ്ദേശംകൂടി വന്നതോടെ കടകമ്പോളങ്ങളിൽ ആളും ആരവവും ഒഴിഞ്ഞു. വാടക ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാർജ്ജ് ഇതെല്ലാം മുടക്കമില്ലാതെ കൊടുക്കുകയും വേണം. നാലുമണിക്ക് ശേഷം മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. അതും അത്യാവശ്യകാര്യങ്ങൾക്ക് മാത്രം. ചിലരാകട്ടെ രാവിലെ 10ന് മുൻപ് ടൗണിലെത്തി പച്ചക്കറിയും മത്സ്യവും മറ്റത്യാവശ്യ സാധനങ്ങളും വാങ്ങി വെയിൽ കടുക്കുന്നതിന് മുൻപ് വീടുകളിലേക്ക് മടങ്ങുകയാണ് പതിവ്. പ്രതികൂല കാലാവസ്ഥമൂലം പണി ഇല്ലാത്തതിനാൽ നിത്യവരുമാനക്കാരടക്കം സാമ്പത്തിക പ്രതിസന്ധിയിലാണ്.വരണ്ടുണങ്ങിയ കൃഷിയിടങ്ങളിൽ നിന്ന് ആദായം ലഭിക്കാതായതോടെ കർഷകരും ദുരിതത്തിലായി. പനി,ചുമ,ജലദോഷം തുടങ്ങിയ രോഗങ്ങൾ പടരുന്നതും ജനങ്ങളെ ആശങ്കയിലാക്കുകയാണ്. ഇതിനിടെ കടുത്ത കുടിവെള്ളക്ഷാമം ദുരിതം ഇരട്ടിയാക്കും. വേനൽമഴ ശക്തിയാർജ്ജിച്ചെങ്കിൽ മാത്രമേ മലയോരമേഖലയിലെ ജനജീവിതം സാധാരണ നിലയിലാകൂ.

ഓട്ടോ, ടാക്‌സി ഓട്ടമില്ല
വ്യാപാരികളെപ്പോലെ കടുത്ത പ്രതിസന്ധി നേരിടുന്നത് ഓട്ടോ, ടാക്‌സി ജീവനക്കാരാണ്. പലരും ഓട്ടോ സ്റ്റാൻഡിൽ കൊണ്ടുവരുന്നില്ല. ദിവസ വാടകയ്ക്ക് ഓട്ടോ ഓടുന്നവർക്ക് എണ്ണക്കാശു പോലും കിട്ടുന്നില്ലെന്നാണ് പരാതി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ 30 ശതമാനം വിറ്റുവരവാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു. രാവിലെ 10 കഴിഞ്ഞാൽ വൈകിട്ട് 5 വരെ നിരത്തുകൾ വിജനമാണ്.

''

കച്ചവടം കുറഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കടകളിൽ ആവശ്യത്തിന് സാധനങ്ങൾ ശേഖരിച്ച് വയ്ക്കാനാകുന്നില്ല. ഇതും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും.
-സുരേഷ് പലചരക്ക് വ്യാപാരി,പൊൻകുന്നം.