കോട്ടയം : പക്ഷിപ്പനി പരത്തുന്നത് ദേശാടന പക്ഷികളല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ തമിഴ്നാട്ടിലെ ഹാച്ചറികൾ ഉറവിട കേന്ദ്രമെന്ന സംശയം ബലപ്പെട്ടു. ഈസ്റ്റർ വില്പനയ്ക്കായി നിരവധി താറാവിൻ കുഞ്ഞുങ്ങളെയാണ് കർഷകർ തമിഴ്നാട്ടിൽ നിന്ന് വാങ്ങിയത്. ഇവയിൽ ചിലത് ചത്തതോടെ മഞ്ഞപ്രയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. എല്ലാവർഷവപം പക്ഷിപ്പനി ഉണ്ടായിട്ടും യഥാർത്ഥ കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അടുത്തിടെ ആലപ്പുഴയിലും, കോട്ടയത്ത് ചങ്ങനാശേരി ഭാഗത്തും താറാവുകളിൽ പക്ഷിപ്പനി ബാധിച്ചിരുന്നു. താറാവുകൾ തീറ്റയ്ക്കായി ഇറങ്ങുന്ന തോടുകളിലും വയലുകളിലും മത്സ്യക്കുഞ്ഞുങ്ങളെ തേടി ദേശാടന പക്ഷികൾ എത്താറുണ്ട്. ഇവയിൽ നിന്നാണ് രോഗം പകർന്നതെന്നായിരുന്നു പ്രചാരണം. എന്നാൽ കുമരകം കെ.ടി.ഡി.സി വളപ്പിലുള്ള പക്ഷി സങ്കേതത്തിലെ ദേശാടന പക്ഷികളിൽ രോഗം ബാധിച്ചില്ല.
''ദേശാടന പക്ഷികൾ ചൂടു കൂടുന്ന മാർച്ച് മാസത്തോടെ തിരിച്ചു പോകും. ആഗസ്റ്റോടെയേ തിരിച്ചു വരൂ. പക്ഷിപ്പനി ഉണ്ടായത് ഏപ്രിൽ മാസത്തിലാണ്. നേരത്തേ വെച്ചൂരിലെ പാടത്ത് ഒരു ദേശാടന പക്ഷി ചത്തു കിടന്നത് ആദ്യം തിരുവല്ല മഞ്ഞപ്രയിലെ ലാബിലും, പിന്നീട് ഭോപ്പാലിലും പരിശോധന നടത്തിയെങ്കിലും പക്ഷിപ്പനിയുടെ വൈറസിനെ കണ്ടെത്താനായില്ല. ഹാച്ചറികളിൽ നിന്ന് രോഗം പകരുന്നത് മറച്ചുവയ്ക്കാൻ തമിഴ്നാട് ലോബി ദേശാടനെ പക്ഷികളെ പഴി ചാരുകയാണ്.
ഡോ.ബി.ശ്രീകുമാർ, കോട്ടയം നേച്ചർ സൈസൈറ്റി സെക്രട്ടറി