കോട്ടയം: കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 47 പേർ. 2020 ജനുവരി 1 മുതൽ 2024 ജനുവരി 30 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് 10.03 ലക്ഷം പേർക്ക് കടിയേറ്റു. 22 പേരുടെ മരണം പേ വിഷബാധമൂലമാണെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്.
കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ആദ്യ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷമാണ് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിച്ചതെന്നാണ് കണക്കുകൾ. വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതിനൊപ്പം ഹോട്ടൽ ഭക്ഷണം വാഹനങ്ങളിൽ ഇരുന്ന് കഴിച്ചതിന്റെ ബാക്കി വഴിയരികിൽ ഉപേക്ഷിക്കുന്നതും വർദ്ധിച്ചു. പെറ്റുപെരുകിയ നായ്ക്കൾ അക്രമാസക്തരായി. വന്ധ്യംകരണം ഉൾപ്പെടെ പാളി. ഇക്കാലയളവിൽ അരുമ മൃഗങ്ങളെ വളർത്തുന്നവരും ഏറി. ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത് തിരുവനന്തപുരത്തും, മരിച്ചത് കൊല്ലത്തുമാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
മരിച്ചവരുടെ കണക്ക്
തിരുവനന്തപുരം : 9
കൊല്ലം : 10
പത്തനംതിട്ട : 2
ആലപ്പുഴ : 2
എറണാകുളം : 3
തൃശൂർ : 5
പാലക്കാട് : 3
മലപ്പുറം : 1
കോഴിക്കോട് : 4
വയനാട് : 2
കണ്ണൂർ : 5
കാസർകോട് : 1
കടിയേറ്റവർ
2020 : 1.60ലക്ഷം
2021 : 2.21ലക്ഷം
2022 : 2.88 ലക്ഷം
2023 : 3.06 ലക്ഷം
2024 ജനുവരി : 26060
നഷ്ടപരിഹാരം അകലെ
തെരുവുനായ ആക്രമണത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ മുഖേനയാണ് നഷ്ടപരിഹാരം. എത്ര തുകയെന്ന് നിഷ്കർഷിച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷകൾ കമ്മിഷന് മുന്നിൽ കെട്ടിക്കിടക്കുകയാണ്.