പാലാ : പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമാണ് പാലാ ജനറൽ ആശുപത്രി. പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം. മരുന്നിന് പോലും ജീവനക്കാരില്ലാത്തതിനാൽ ക്ഷീണിച്ച് അവശരായ രോഗികൾക്ക് ഫാർമസിയ്ക്ക് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കാനാണ് വിധി. ഈ കൊടുംചൂടിൽ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തണോയെന്ന് പലരും ചോദിക്കുമ്പോൾ അധികൃതർ കൈമലർത്തും. രാവിലെ തന്നെ നിരവധിപ്പേരാണ് ചികിത്സ തേടി ഒ.പിയിൽ എത്തുന്നത്. ആദ്യം ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ്. അതും പിന്നെയും സഹിക്കാം. ഫാർമസിയ്ക്ക് മുന്നിലെ കാത്തിരിപ്പ് ഇത്തിരി കടുപ്പമാണ്. പ്രായമായവർക്കാണ് കൂടുതൽ ദുരിതം. കൊടുംചൂടും ഇടയ്ക്കുണ്ടാകുന്ന വേനൽ മഴയും പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ കാരണമായിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളും ഡോക്ടർമാരുമൊക്കെ ഉണ്ടെങ്കിലും ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്ന് വാങ്ങാൻ പെടാപ്പാട് പെടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിതി ഏറെ രൂക്ഷമാണ്. ഫാർമസിക്ക് മുന്നിലെ നീണ്ട ക്യൂ നിലവിലുള്ള ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പലപ്പോഴും രോഗികളുമായി വാക്കേറ്റത്തിനും ഇത് ഇടയാക്കുന്നുണ്ട്.
പഴി രോഗികളുടെ എണ്ണം കൂടിയതിന്
ഫാർമസിയിൽ നിലവിലുള്ള 4 കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ രോഗികളുടെ എണ്ണം കൂടിയതോടെ സ്വാഭാവികമായും മരുന്നു വിതരണത്തിന് താമസം നേരിടുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ് പറഞ്ഞു. പ്രശ്നം ഉടൻ പരിഹരിക്കും. രാത്രികാലങ്ങളിൽ ഫാർമസിയുടെയും ലാബിന്റേയും പ്രവർത്തനം ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ വഴി താത്ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രോഗികളെ മരുന്നുവാങ്ങാൻ ഇങ്ങനെ ക്യൂ നിറുത്തി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഫാർമസിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കണം.
ജോയി കളരിക്കൽ (പാലാ പൗരാവകാശ സമിതി പ്രസിഡന്റ്)