കോട്ടയം : ചൂടിൽ നാട് തിളയ്ക്കുമ്പോൾ കോഴി, ക്ഷീരകർഷകരുടെ ആശങ്കയും ഉയരുകയാണ്. ചൂട് താങ്ങാനാവാതെ കോഴികൾ കൂട്ടത്തോടെ ചാകുന്നു, ഒപ്പം പശുക്കൾക്ക് പാലും കുറഞ്ഞു. മണിമലയിലും, കുമരകത്തും മുട്ടക്കോഴികളും ഇറച്ചിക്കോഴികളും പിടഞ്ഞ് വീഴുകയാണ്. ഫാമുകൾ നടത്തിക്കൊണ്ടു പോകാൻ കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്. കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ കോഴികൾ മുങ്ങിക്കിടക്കുന്നത് ഫാമുകളിലെ പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം കുമരകം വിത്തുവട്ടിൽ ഫിലിപ്പിന്റെ മുട്ടക്കോഴികളാണ് ചത്തത്. അവശേഷിക്കുന്ന കോഴികളും ചാകുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഒന്നര വർഷം മുൻപ് കോഴി ഒന്നിന് 130 രൂപ പ്രകാരം വാങ്ങിയതാണ്.
രക്ഷയില്ലാതെ പശുക്കൾ
കുടിക്കാൻ പോലും വെള്ളമില്ലാത്ത കാലത്ത് പശുക്കളെ കുളിപ്പിക്കാനും പരിപാലിക്കാനും കഷ്ടപ്പെടുകയാണ് കർഷകർ. ചൂട് കൂടിയതോടെ തുറസായ സ്ഥലത്ത് മേയാൻ വിടാനും കഴിയുന്നില്ല. സാധാരണ ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇപ്പോൾ പശുക്കൾക്ക് വേണ്ടത്. കുടിക്കാനും കുളിപ്പിക്കാനുമായുള്ള വെള്ളം പൈസ കൊടുത്തു വാങ്ങുന്നവരുമുണ്ട്. ഫാമുകളിൽ തുടർച്ചയായി ഫാനിട്ട് തണുപ്പിക്കുകയാണ്.